Cricket

ടെസ്റ്റിലെയും ഏകദിനങ്ങളിലെയും തോല്‍വികള്‍ക്ക് പകരം വീട്ടി ദക്ഷിണാഫ്രിക്ക!! ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിന് പര്യടനത്തിലെ ആദ്യ ജയം. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയോട് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പ്രോട്ടിയാസ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിനാണ് ആതിഥേയരെ തോല്‍പ്പിച്ചത്.

ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. ടസ്മിന്‍ ബ്രിട്്സ് (81), മരിസാനെ കാപ്പ് (57) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. ജമീമ റോഡ്രിഗസ് (53), സ്മൃതി മന്ദാന (46) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ (18)-സ്മൃതി സഖ്യം 56 റണ്‍സ് ചേര്‍ത്തു. ആറാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മൂന്നാമതെത്തിയ ദയാലന്‍ ഹേമതലയ്ക്കും (14) തിളങ്ങാനായില്ല. തൊട്ടടുത്ത ഓവറില്‍ സ്മൃതിയും മടങ്ങി.

ഇതോടെ മൂന്നിന് 87 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാലാംവിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ 35)-ജമീമ റോഡ്രിഗസ് സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു മുന്നോട്ടു നയിച്ചെങ്കിലും 12 റണ്‍സ് അകലെ എത്തിക്കാനേ കഴിഞ്ഞുള്ളൂ.

ഹര്‍മന്‍പ്രീത് അവസാന പന്തിലാണ് പുറത്താവുന്നത്. 30 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്. ജമീമ പുറത്താവാതെ നിന്നു.

നേരത്തെ, മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലൗറ വോള്‍വാര്‍ഡ് (22 പന്തില്‍ 33) ബ്രിട്സ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. വോള്‍വാര്‍ഡിനെ രാധ യാദവ് ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബ്രിട്സ് – കാപ്പ് സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തത് പ്രോട്ടീയാസിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

17-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. കാപ്പിനെ രാധ മടക്കുകയായിരുന്നു. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു കാപ്പിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ബ്രിട്സും മടങ്ങി. പത്ത് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ക്ലോ ട്രയോണാണ് (12) പുറത്തായ മറ്റൊരു താരം.

ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രകര്‍, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുമ്പിലെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു.

Related Articles

Back to top button