Cricket

ക്രിക്കറ്റ് ലോകമേ കാണുക…ഇത് ഉന്മുക്ത് ചന്ദിന്റെ തിരിച്ചു വരവ് !! ലോകോത്തര ബൗളര്‍മാരെ തച്ചു തകര്‍ത്ത് മുന്‍ അണ്ടര്‍19 താരം

മേജര്‍ ലീഗ് ക്രിക്കറ്റ് 2024 ലീഗില്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സിനെ 12 റണ്‍സിന് തോല്‍പ്പിച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ലോസ് ഏഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്.

ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റോഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയപ്പോള്‍ സൂപ്പര്‍ കിംഗ്‌സിന്റെ മറുപടി എട്ടു വിക്കറ്റിന് 150ല്‍ അവസാനിച്ചു.

മുന്‍ ഇന്ത്യന്‍ അണ്ടര്‍19 താരം ഉന്മുക്ത് ചന്ദിന്റെ ബാറ്റിംഗാണ് കൊല്‍ക്കത്തയെ തുണച്ചത്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ വിരാട് കോഹ് ലി കളിച്ചതു പോലെയൊരു ഇന്നിംഗ്‌സായിരുന്നു കോഹ് ലിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ട താരത്തില്‍ നിന്നുമുണ്ടായത്.

44 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ നൈറ്റ് റൈഡേഴ്‌സിനെ ഷക്കീബ് അല്‍ ഹസന്‍(18), നിതീഷ് കുമാര്‍(26) എന്നിവരെയും വാലറ്റത്തെയും കൂട്ടുപിടിച്ച് ഉന്മുക്ത് ചന്ദ് 162 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.

45 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 68 റണ്‍സ് നേടിയ താരം അവസാന ഓവറിലാണ് പുറത്തായത്.

സൂപ്പര്‍ കിംഗ്‌സിനായി സിയാ ഉള്‍ ഹഖ്, ആരോണ്‍ ഹാര്‍ഡി, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജെറാള്‍ഡ് കോട്‌സിയ്ക്ക് ഒരു വിക്കറ്റുണ്ട്.

163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ(39 പന്തില്‍ 53) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റുള്ളവര്‍ അവസരത്തിനൊത്തുയരാതെ വന്നതോടെ ടീം തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

18 പന്തില്‍ 29 റണ്‍സ് നേടിയ കാല്‍വിന്‍ സാവേജാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. നാലു വിക്കറ്റെടുത്ത അലി ഖാനാണ് നൈറ്റ് റൈഡേഴ്‌സിന്റെ അന്തകനായത്. സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ടും സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അലിഖാനാണ് കളിയിലെ താരം.

Related Articles

Back to top button