Cricket

വളരെ കഷ്ടപ്പെട്ടാണ് അവന്‍ ഈ നിലയില്‍ എത്തിയത് !! തങ്ങളുടെ ക്രിക്കറ്റ് ജീവിതം തുറന്നു പറഞ്ഞ് കൃണാല്‍ പാണ്ഡ്യ

ട്വന്റി20 ലോകകപ്പില്‍ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഇന്ത്യ മുത്തമിട്ടപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാം അത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമായി.

2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടം നേടുന്നത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ഇന്ത്യയുടെ ഫൈനല്‍ വിജയത്തില്‍ രാജ്യം ഏറെ കടപ്പെട്ടിരിക്കുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. നിര്‍ണായക ഘട്ടത്തില്‍ ഹെന്‍ റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന പാണ്ഡ്യ അവസാന ഓവറില്‍ മില്ലറുടെ വിക്കറ്റ് നേടി ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയും ചെയ്തു.

ഹാര്‍ദിക്കിനെ സംബന്ധിച്ച് ഈ ലോകകപ്പ് കിരീട നേട്ടം മധുര പ്രതികാരമായിരുന്നു. അവസാന ഐപിഎല്‍ സീസണ്‍ മുതല്‍ നേരിട്ട വലിയ അപമാനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ഹീറോയാകാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായി.

ഇപ്പോഴിതാ തന്റെ സഹോദരന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇപ്പോള്‍ ഹീറോയായി നില്‍ക്കുന്നതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ക്രുണാല്‍ പാണ്ഡ്യ. വലിയ നിരാശയിലൂടെ കടന്ന് പോയ ശേഷമാണ് ഹാര്‍ദിക്കിന്റെ തിരിച്ചുവരവെന്ന് കൃണാല്‍ പറയുന്നു.

‘ഹാര്‍ദിക് പാണ്ഡ്യയും ഞാനും പ്രൊഫഷനല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ സ്വപ്നം പോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വലിയ നേട്ടത്തില്‍ ഏതൊരാളെപ്പോലെയും ഞാന്‍ സന്തോഷിക്കുന്നു.

അതോടൊപ്പം എന്റെ സഹോദരന്‍ ഈ നേട്ടത്തിന്റെ ഭാഗമായതില്‍ വലിയ അഭിമാനവും തോന്നുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള സമയമായിരുന്നു.

അവന്‍ നേരിട്ട അപമാനങ്ങള്‍ ഓര്‍ക്കുമ്പോള്‍ സഹോദരനെന്ന നിലയില്‍ എനിക്ക് വലിയ നിരാശയുണ്ട്. മറ്റെല്ലാം മറന്നാലും അവനൊരു മനുഷ്യനാണെന്ന പരിഗണന നല്‍കണമായിരുന്നു.

എല്ലാ പ്രശ്നങ്ങളെയും ചിരികൊണ്ട് നേരിടാനാണ് അവന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ ചിരിക്കുക പ്രയാസമാണെന്ന് എനിക്കറിയാം. ലോകകപ്പ് നേടാനായി എന്താണ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യക്കായി ലോകകപ്പ് കളിക്കുകയും കപ്പ് നേടുകയും ചെയ്യണമെന്നത് ആറാം വയസു മുതല്‍ അവന്റെ സ്വപ്നമാണ്. അവന്‍ ഇന്ത്യന്‍ ടീമിനായി നല്‍കിയത് വിസ്മരിക്കാനാവാത്ത സംഭാവനകളാണ്. അവനെ എഴുതിത്തള്ളിയപ്പോഴെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത് തിരിച്ചുവരാന്‍ അവന് സാധിച്ചു.

അവനെയോര്‍ത്ത് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. വൈകിയാണെങ്കിലും അധ്വാനത്തിന്റെ ഫലം അവന് ലഭിച്ചു’ ക്രുണാല്‍ പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.

കളിക്കളത്തില്‍ ക്യാപ്റ്റനായും കളിക്കാരനായും തിളങ്ങാന്‍ താരത്തിനു സാധിക്കാതെ വന്നതോടെ ഹാര്‍ദിക്കിനെ കൂവുന്ന സാഹചര്യം പോലുമുണ്ടായി.

എന്നാല്‍ ഇതിനോടൊന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചില്ല. ഒടുവില്‍ ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം നടത്തി വിമര്‍ശകര്‍ക്കെല്ലാം ഉഗ്രന്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

Related Articles

Back to top button