Cricket

ഇനി കളിമാറും !! തന്റെ ഓപ്പണിംഗ് പങ്കാളിയെ പ്രഖ്യാപിച്ച് ശുഭ്മാന്‍ ഗില്‍

ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം സിംബാബ് വെയില്‍ പര്യടനത്തിനായി എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതയുഗത്തിനാവും ഇന്ന് തുടക്കമാവുക.

വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ട്വന്റി20യില്‍ നിന്ന് വിരമിച്ചതോടെ നിരവധി യുവതാരങ്ങള്‍ക്കാണ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

അതേസമയം ആദ്യ ട്വന്റി20യ്ക്കു മുമ്പ് ഒരു നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍.

സിംബാബ്വെക്കെതിരെ ആദ്യ ടി20യില്‍ 23 വയസുകാരനായ അഭിഷേക് ശര്‍മ്മയായിരിക്കും തനിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് ഗില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘അഭിഷേക് എനിക്കൊപ്പം ഓപ്പണറാവും, റുതുരാജ് ഗെയ്ക്വാദ് മൂന്നാം നമ്പറില്‍ ബാറ്റേന്തും’ എന്നുമാണ് ആദ്യ ട്വന്റി 20ക്ക് മുന്നോടിയായി ശുഭ്മാന്‍ ഗില്ലിന്റെ വാക്കുകള്‍.

ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മിന്നല്‍ തുടക്കം നല്‍കി ഇടംകൈയന്‍ ഓപ്പണറായ അഭിഷേക് ശര്‍മ്മ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 16 മത്സരങ്ങളില്‍ 204.22 സ്‌ട്രൈക്ക്‌റേറ്റില്‍ 484 റണ്‍സാണ് അഭിഷേക് ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്.

32.27 ആണ് ബാറ്റിംഗ് ശരാശരി. ഇന്ന് കളത്തിലിറങ്ങുന്നതോടെ അഭിഷേക് ശര്‍മ്മ രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിക്കും. ഹരാരെയിലെ വേഗം കുറഞ്ഞ പിച്ചില്‍ ഇടങ്കയ്യന്‍ സ്പിന്നറായ അഭിഷേകിനെ ബൗളിംഗിലും ഉപയോഗിക്കാനാവും.

മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്ന റുതുരാജിന് ഈ സ്ഥാനത്ത് ഐപിഎല്ലില്‍ പരിചയമുണ്ട്. ഹരാരെയില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

അഭിഷേകിന്റെ കാര്യത്തില്‍ തീരുമാനമായെങ്കിലും അരങ്ങേറ്റം കാത്തിരിക്കുന്ന മറ്റു താരങ്ങളില്‍ ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷാഭരിതരാണ് ആരാധകര്‍.

റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറല്‍ എന്നിവരും പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നു. യുവ പേസര്‍ ഹര്‍ഷിത് റാണ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Back to top button