Football

സ്‌പെയിനെ ജയിപ്പിച്ചത് റഫറി…? ജര്‍മനിയ്ക്ക് പെനാല്‍റ്റി അനുവദിച്ചില്ലെന്ന് ആരോപണം

യുവേഫ യൂറോ കപ്പ് 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെ ജയിപ്പിച്ചത് റഫറിയാണെന്ന വാദവുമായി ജര്‍മന്‍ ആരാധകര്‍ രംഗത്ത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായിരുന്ന ജര്‍മനി-സ്പെയിന്‍ ക്വാര്‍ട്ടര്‍ പോരാട്ടം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ലീഡ് നേടാന്‍ ജര്‍മനിക്കു മുന്നില്‍ അവസരമെത്തിയതാണ്.

ബോക്‌സിനുള്ളില്‍വച്ച് സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയുടെ ഹാന്‍ഡ് ബോളില്‍ റഫറി ആന്റണി ടെയ്ലര്‍ പെനാല്‍റ്റി വിധിച്ചില്ല. ജര്‍മന്‍ ആരാധകര്‍ ഒന്നടങ്കം നിരാശരായ നിമിഷമായിരുന്നു അത്.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 51 -ാം മിനിറ്റില്‍ ഡാനി ഓള്‍മോയുടെ ഗോളിലൂടെ സ്പെയിന്‍ ലീഡ് നേടി. എന്നാല്‍, 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വ്രിറ്റ്സിലൂടെ ജര്‍മനി സമനിലയില്‍. അതോടെ മത്സരം അധിക സമയത്തേക്ക്. അധികസമയത്തിന്റെ ആദ്യ പകുതിയിലും ഗോള്‍ പിറന്നില്ല.

തുടര്‍ന്ന് അധികസമയത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു കുക്കുറെല്ലയുടെ ഹാന്‍ഡ് ബോള്‍. 107 -ാം മിനിറ്റില്‍ ഫുള്‍കുര്‍ഗ് നല്‍കിയ പാസില്‍നിന്ന് ജര്‍മന്‍ യുവ താരം യമാല്‍ മുസിയാല ഗോളിലേക്ക് ലക്ഷ്യംവച്ചു. മുസിയാലയുടെ ബൂട്ടില്‍നിന്നു പാഞ്ഞ പന്ത് കുക്കുറെല്ലയുടെ ഇടംകൈത്തണ്ടയില്‍ ഇടിച്ചുതെറിച്ചു.

ജര്‍മന്‍ കളിക്കാരും ആരാധകരും പെനാല്‍റ്റിക്കായി മുറവിളികൂട്ടി. റഫറി വിഎആര്‍ പരിശോധിച്ചശേഷം പെനാല്‍റ്റി നിഷേധിച്ചു. കുക്കുറെല്ലയുടെ കൈ അദ്ദേഹത്തിന്റെ ശരീരത്തിനു പിന്നിലായിരിക്കുമ്പോഴാണ് പന്ത് കൊണ്ടത് എന്നതായിരുന്നു നിരീക്ഷണം.

ആ പെനാല്‍റ്റി അനുവദിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാനുള്ള സാധ്യതയുണ്ട്. കാരണം, 119-ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ സ്പെയിനിന്റെ രണ്ടാം ഗോളെത്തിയത്. മിക്കേല്‍ മെറിനോ നേടിയ ആ ഗോളില്‍ സ്പെയിന്‍ 2-1ന്റെ ജയം സ്വന്തമാക്കി സെമി ഫൈനലിലേക്ക് മുന്നേറി. ജര്‍മനിയുടെ ടോണി ക്രൂസിന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നു.

സെമിയില്‍ ഫ്രാന്‍സാണ് സ്പെയിനിന്റെ എതിരാളികള്‍. ക്വര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 5-3നു കീഴടക്കിയാണ് ഫ്രാന്‍സ് സെമിയില്‍ എത്തിയിരിക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയത്.

പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സ് പെനാല്‍റ്റി പാഴാക്കിയതാണ് പറങ്കിപ്പടയ്ക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പ് മത്സരം കൂടിയായിരുന്നു അത്. സ്പെയിന്‍-ഫ്രാന്‍സ് സെമി ഫൈനല്‍ ഇന്ത്യന്‍ സമയം ജൂലൈ ഒമ്പത് അര്‍ധരാത്രി 12.30ന് അരങ്ങേറും.

Related Articles

Back to top button