CricketTop Stories

അഫ്ഗാന്‍ സ്പിന്‍ ‘വാരിക്കുഴിയില്‍’ ബംഗ്ലാ കടുവകളും വീണു!

ആദ്യ ഓവര്‍ മുതല്‍ വലിയ കുഴിയിലേക്ക് വീണതു പോലെയായിരുന്നു അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ ബാറ്റിംഗ്. ഏഷ്യാകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ സ്പിന്നര്‍മാര്‍ കരുത്തു കാട്ടിയപ്പോള്‍ വെറും 127 റണ്‍സില്‍ ബംഗ്ലാദേശിന്റെ പേരുകേട്ട ബാറ്റിംഗ് നിര ഒതുങ്ങി. മൊസദാക് ഹുസൈന്റെ (48) രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് ദയനീയമായി മാറിയേനെ.

രണ്ടാം ഓവറില്‍ മുഹമ്മദ് നയിമിനെ (6) നഷ്ടപ്പെട്ടതു മുതല്‍ ബംഗ്ലാദേശ് ട്രാക്കിലേ ആയിരുന്നില്ല. സഹ ഓപ്പണര്‍ അനാമുള്‍ ഹഖിനെ (5) കൂടി പുറത്താക്കി മുജീബ് റഹ്‌മാന്‍ അഫ്ഗാന് ഗംഭീര തുടക്കം നല്‍കി. തുടര്‍ച്ചയായി മൂന്നോവര്‍ എറിഞ്ഞ മുജീബ് ആദ്യ സ്‌പെല്ലില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്യനിരയില്‍ ഷക്കീബും (11), മുഷ്ഫിക്കുര്‍ റഹീമും അവസരത്തിനൊത്ത് ഉയര്‍ന്നതുമില്ല.

സ്പിന്നര്‍മാര്‍ക്ക് നല്ല ടേണും ബൗണ്‍സും നല്‍കിയ പിച്ചില്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി തന്റെ സ്പിന്നര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. നബി ഒഴികെ പന്തെറിഞ്ഞവരെല്ലാം കാര്യമായി റണ്‍സും വിട്ടു കൊടുത്തില്ല. ബംഗ്ലാദേശിന് തിരിച്ചടിയായത് അവരുടെ ബാറ്റ്‌സ്മാന്മാരുടെ ക്രോസ് ബാറ്റ് ടെക്‌നിക്കായിരുന്നു. മുന്‍നിരയില്‍ മിക്കവരും മടങ്ങിയത് ക്രോസ് ബാറ്റിന് ശ്രമിച്ചാണ്.

ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന് ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലെത്താം. ബംഗ്ലാദേശ് തോല്‍ക്കുകയാണെങ്കില്‍ ശ്രീലങ്കയുമായുള്ള അടുത്ത മല്‍സരം സെമി ഫൈനല്‍ പോലെയാകും. ആ മല്‍സരം ജയിക്കുന്നവര്‍ അവസാന നാലിലെത്തും.

Related Articles

Leave a Reply

Back to top button