Cricket

വെറും രണ്ടു പന്തുകള്‍ മാത്രം എറിഞ്ഞ് നേടിയത് ഒരു കിണ്ണംകാച്ചി റെക്കോഡ്!! ഷഹീന്‍ അഫ്രീദി പിന്നിലാക്കിയത് ഇന്ത്യന്‍ സൂപ്പര്‍താരത്തെ

ന്യൂസിലാന്‍ഡ്-പാകിസ്ഥാന്‍ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായതോടെ മത്സരം അഞ്ച് ഓവറായി ചുരുക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ഓവറാക്കി മാറ്റിയ മത്സരത്തില്‍ വെറും രണ്ടു പന്തുകള്‍ മാത്രമാണ് പാകിസ്ഥാന് എറിയാന്‍ സാധിച്ചത്.

അപ്പോഴേക്കും മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ പൂര്‍ണമായും മത്സരം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പന്തില്‍ കിവീസ് ഓപ്പണര്‍ ടിം റോബിന്‍സണെ ക്ലീന്‍ ബൗള്‍ഡ് ആക്കി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കിയെങ്കിലും ആ സമയത്ത് മഴ വീണ്ടുമെത്തുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.

ആദ്യ പന്തില്‍ ലെഗ് ബൈയിലൂടെ രണ്ട് റണ്‍സ് ന്യൂസിലന്‍ഡ് നേടിയിരുന്നു. ഈയൊരു വിക്കറ്റ് നേട്ടത്തിലൂടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഷഹീന്‍ അഫ്രീദിയെത്തേടിയെത്തി.

ട്വന്റി20 ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായാണ് പാക് പേസര്‍ മാറിയത്.

ട്വന്റി20യില്‍ ആദ്യ ഓവറുകളില്‍ 47 വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ആദ്യ ഓവറുകളില്‍ 46 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് ഷഹീന്‍ മറികടന്നത്.

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാത്രി 8 മണി മുതലാണ് നടക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെയാണ് മത്സരം.

Related Articles

Back to top button