Cricket

തലതിരിഞ്ഞ നിയമം ഐപിഎല്ലിലും! കുളിപ്പിച്ച് കുളിപ്പിച്ച് ക്രിക്കറ്റിനെ കൊല്ലുമോ ബിസിസിഐ?

ക്രിക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്ന പേരില്‍ പുതിയ പുതിയ നിയമങ്ങള്‍ പരീക്ഷിക്കാന്‍ ബിസിസിഐ. സയദ് മുഷ്താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ച ഇംപാക്ട് പ്ലയര്‍ നിയമമാണ് ഐപിഎല്ലിലേക്കും കൊണ്ടു വരുന്നത്.

പുതിയ നിയമപ്രകാരം ഇന്നിംഗ്‌സ് തുടങ്ങി 14 ഓവര്‍ പിന്നിടും മുമ്പ് ഒരു താരത്തെ പകരക്കാരനായി ഇറക്കാന്‍ സാധിക്കും. ഈ താരത്തിന് ബാറ്റു ചെയ്യാനും പന്തെറിയാനും പ്രശ്‌നമുണ്ടാകില്ല. ഫുട്‌ബോളിലെ സബ്‌സ്റ്റിറ്റിയൂട്ട് താരത്തെ പോലെയാണ് ഇംപാക്ട് പ്ലയര്‍ രീതി. പകരക്കാരനാക്കാന്‍ നാല് താരങ്ങളുടെ പട്ടിക കളിക്കു മുമ്പ് നല്‍കണം. ഈ നാലു പേരില്‍ നിന്നാകണം ഇംപാക്ട് പ്ലയറെ ഇറക്കേണ്ടത്.

മുമ്പ് ഏകദിനത്തില്‍ സൂപ്പര്‍ സബ് എന്ന പേരില്‍ കളിക്കാരെ ഇറക്കുന്ന നിയമമുണ്ടായിരുന്നു. ഒരു താരത്തെ പകരക്കാരനായി ഇറക്കുന്ന രീതിയായിരുന്നു ഇത്. എന്നാല്‍ സൂപ്പര്‍ സബ് നിയമം കളിയുടെ ആവേശത്തെയും മറ്റും ബാധിക്കുമെന്ന് കണ്ടതോടെ അവസാനിപ്പിക്കുകയായിരുന്നു.

ട്വന്റി-20ക്ക് പിന്നാലെ ടി10 ക്രിക്കറ്റ് ഫോര്‍മാറ്റും കൊണ്ടു വന്നതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരങ്ങളും ക്രിക്കറ്റിലേക്ക് എത്തുന്നത്. ക്രിക്കറ്റിനെ പരിഷ്‌കരിച്ച് കൂടുതല്‍ ദുര്‍ബലമാക്കാന്‍ മാത്രമേ ഈ നിയമം വഴി സാധിക്കുകയുള്ളുവെന്ന വാദം ശക്തമാണ്.

ഇപ്പോള്‍ തന്നെ ഏകദിന ക്രിക്കറ്റ് കാണാന്‍ ആളുകളുടെ എണ്ണം കുറവാണ്. ലോകമെങ്ങും ട്വന്റി-20 ലീഗുകള്‍ ഉണ്ടെങ്കിലും പല ലീഗുകളും വലിയ സാമ്പത്തിക നഷ്ടത്തിലാണ്. താല്‍ക്കാലികമായി ആരാധകരെ സ്വാധീനിക്കുമെങ്കിലും പരിഷ്‌കാരങ്ങള്‍ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെയാണ് ബാധിക്കുന്നത്.

Related Articles

Back to top button