CricketIPL

ലക്‌നൗവിനെ ‘കുഴിയില്‍’ ചാടിച്ച് സഞ്ജുവിന്റെ വെറൈറ്റി തന്ത്രം!! അപ്രതീക്ഷിത നീക്കത്തില്‍ പിഴച്ച് രാഹുല്‍!!

രാജസ്ഥാന്‍ റോയല്‍സിനെ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗിനൊപ്പം സൂപ്പര്‍ ക്യാപ്റ്റന്‍സിയും. എതിരാളികളുടെ മര്‍മം അറിഞ്ഞ് പ്രഹരിക്കാനുള്ള കഴിവു തന്നെയാണ് സഞ്ജുവിലൂടെ ജയത്തിലേക്ക് എത്താന്‍ രാജസ്ഥാനെ സഹായിച്ചത്.

ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ മലയാളിതാരം കാട്ടിയ മിടുക്കാണ് അവസാന കണക്കെടുപ്പില്‍ നിര്‍ണായകമായത്. അവസാന ഓവറുകളില്‍ ഏതുതരത്തിലുള്ള ബൗളര്‍മാരെ ഏപ്രകാരം ഉപയോഗിക്കുന്നുവെന്നതാണ് പലപ്പോഴും ഐപിഎല്ലില്‍ ജയവും പരാജയവും നിര്‍ണയിക്കുന്നത്.

ലക്‌നൗ ആദ്യ പത്തോവറിലെ അലസതയ്ക്കുശേഷം കടന്നാക്രമണം നടത്തി മല്‍സരത്തിലേക്ക് തിരികെ വരുന്നതിനാണ് രണ്ടാംപകുതി സാക്ഷ്യം വഹിച്ചത്. ഇവിടെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ട്രിക്ക് ക്ലിക്കായത്. മല്‍സരത്തില്‍ നിര്‍ണായകമായതും സഞ്ജുവിന്റെ അവസാന ഓവറുകളിലെ ബൗളിംഗ് ചെയ്ഞ്ചസാണ്.

അതില്‍ ഏറ്റവും നിര്‍ണായകമായത് പതിനെട്ടാം ഓവറിലേക്കായി സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ കാത്തുവച്ചതാണ്. നിക്കോളസ് പൂരാനും കൂട്ടാളിയായി മാര്‍ക്കസ് സ്റ്റോയിനസും ക്രീസില്‍ നില്‍ക്കുമ്പോള്‍ തന്റെ ഏറ്റവും മികച്ച ബൗളറെ തന്നെ ദൗത്യം ഏല്പിക്കാനുള്ള നീക്കമാണ് നിര്‍ണായകമായത്.

ബാറ്ററെ അറിഞ്ഞ് പന്തെറിയുന്നതില്‍ കൗശലക്കാരനാണ് അശ്വിന്‍. വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സ്റ്റോയിനിസിനെ തിരിച്ചയയ്ക്കാനും പതിനെട്ടാം ഓവറില്‍ അശ്വിനായി. 18 പന്തില്‍ നിന്ന് 42 റണ്‍സെന്ന എളുപ്പമായിരുന്ന ലക്ഷ്യം 12 പന്തില്‍ 38 റണ്‍സാക്കിയാണ് അശ്വിന്‍ ഓവര്‍ അവസാനിപ്പിച്ചത്.

അവസാന ഓവറുകളില്‍ ലക്‌നൗ പൂരാനിലും സ്റ്റോയിനിസിലും കടന്നാക്രമണം നടത്തുമെന്ന് മുന്‍കൂട്ടി കണ്ട സഞ്ജു അശ്വിന്റെ ഒരോവര്‍ കരുതി വയ്ക്കാന്‍ കാണിച്ച ധൈര്യത്തിന് കൃത്യമായ റിസല്‍ട്ട് കിട്ടുകയും ചെയ്തു. സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാരേ നേരിടാനാണ് പൂരാന് താല്പര്യം.

സ്റ്റോയിനസും ഇക്കാര്യത്തില്‍ സ്പിന്നിനോട് അത്ര പഥ്യമില്ല. ഇതു തിരിച്ചറിഞ്ഞ സഞ്ജു തന്റെ അസ്ത്രമായ അശ്വിനെ കരുതിവയ്ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ പന്തെറിഞ്ഞ സന്ദീപ് ശര്‍മയും ആവേശ് ഖാനും കൈയടി നേടുന്നുണ്ട്.

മുമ്പൊക്കെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ കണിശതയില്ലാത്ത ആവേശ് ഖാന്‍ അവസാന ഓവറില്‍ വെറും 6 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ലക്‌നൗവിനെ വീഴ്ത്തുന്നതില്‍ ആവേശിന്റെ ബൗളിംഗും വലിയ പങ്കുവഹിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ ഓരോ സീസണും പിന്നിടുമ്പോള്‍ കൂടുതല്‍ മികവിലേക്കാണ് സഞ്ജു നടന്നടുക്കുന്നത്. തന്റെ ടീമിന്റെ ദൗര്‍ബല്യം കൃത്യമാക്കി ഗെയിംപ്ലാന്‍ പുറത്തെടുക്കുന്ന ക്യാപ്റ്റനാണ് സഞ്ജു. വരും മല്‍സരങ്ങളില്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും സഞ്ജു മാജിക് കാണാന്‍ സാധിക്കും.

Related Articles

Back to top button