CricketIPL

ഫീല്‍ഡില്‍ പാണ്ഡ്യയുടെ ‘പ്രതികാരം’ രോഹിതിന് സമ്മര്‍ദം; മുംബൈയെ കാത്തിരിക്കുന്നത് വന്‍തിരിച്ചടി?

പതിവുപോലെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ തോറ്റുതുടങ്ങിയിരിക്കുന്നു. എല്ലാ കാര്യത്തിലും പതിവുപോലെയാണ് മുംബൈ ക്യാംപില്‍ കാര്യങ്ങളെങ്കിലും ടീമില്‍ ഐക്യമില്ലായ്മയുടെ സൂചനകളും പുറത്തു വരുന്നുണ്ട്.

മുന്‍ ക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ രോഹിത് ശര്‍മയോട് കാണിക്കുന്ന അവഗണനയാണ് അതില്‍ പ്രധാനമെന്ന് ആരാധകര്‍ പറയുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മുംബൈയുടെ ആദ്യ മല്‍സരത്തില്‍ ഇത് കൃത്യമായി പുറത്തു വരുകയും ചെയ്തു.

ടോസിനായി എത്തിയ പാണ്ഡ്യയെ ഗുജറാത്ത് ആരാധകര്‍ കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു മുന്‍ ക്യാപ്റ്റന് പഴയ തട്ടകത്തില്‍ ഇത്ര അപമാനം നേരിടേണ്ടി വരുന്നത്. അതും ടീമിന് കിരീടം സമ്മാനിച്ച നായകന്.

ഫീല്‍ഡിംഗ് സമയത്താണ് രോഹിതിനോട് പ്രതികാരം ചെയ്യുന്നതു പോലെയുള്ള സമീപനം പാണ്ഡ്യയില്‍ നിന്ന് കൂടുതലായി കണ്ടത്. ഷോള്‍ഡര്‍ പ്രശ്‌നമുള്ളതിനാല്‍ സാധാരണയായി രോഹിത് ബൗണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യാറില്ല.

യാദൃശ്ചികമായി ബൗണ്ടറില്‍ ലൈനില്‍ കളിച്ചാല്‍ പോലും ലോംഗ് ഓഫില്‍ മാത്രമാകും 30 വാരയ്ക്ക് പുറത്തു നില്‍ക്കുക. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ പാണ്ഡ്യയ്ക്ക് കീഴില്‍ ഈ രീതിക്കും മാറ്റംവന്നു. രോഹിതിനെ ബൗണ്ടറിലൈനിലേക്ക് നിര്‍ബന്ധപൂര്‍വം മാറ്റുന്നതാണ് കണ്ടത്.

തന്നെ ബൗണ്ടറിലൈനിലേക്ക് മാറ്റിയത് രോഹിതിനും ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് താരത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമായി. എങ്കിലും യാതൊരു അനിഷ്ടവും കൂടാതെ ക്യാപ്റ്റനെ അനുസരിക്കുന്ന രോഹിതിനെയാണ് ആദ്യ മല്‍സരത്തില്‍ കണ്ടത്.

ഗുജറാത്ത് ടൈറ്റന്‍സില്‍ ക്യാപ്റ്റനായിരുന്ന സമയത്തും പാണ്ഡ്യയുടെ രീതികളോട് ടീമില്‍ സഹതാരങ്ങള്‍ക്ക് താല്പര്യം കുറവായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കാര്യമായി പുറത്തേക്ക് വന്നിരുന്നില്ല. മുംബൈയില്‍ പാണ്ഡ്യ ക്യാപ്റ്റനായത് താരങ്ങള്‍ക്ക് അത്ര സുഖിച്ചിരുന്നില്ല.

ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവുമെല്ലാം ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതികരണം സോഷ്യല്‍മീഡിയയിലൂടെ പരോഷമായി അറിയിക്കുകയും ചെയ്തിരുന്നു. തന്റെ സഹതാരങ്ങളുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കുന്ന നായകനായിട്ടാണ് പാണ്ഡ്യയെ പലരും വിശേഷിപ്പിക്കുന്നത്.

മുംബൈയുടെ ആദ്യ മല്‍സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത പാണ്ഡ്യയുടെ രീതിയും അവരുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പതിവായി ബുംറയായിരുന്നു ന്യൂബോള്‍ തുടങ്ങിയിരുന്നത്. എന്നാല്‍ പാണ്ഡ്യ തന്നെ ഇത്തവണ പന്ത് കൈയിലെടുത്തു.

3 ഓവര്‍ പന്തെറിഞ്ഞ പാണ്ഡ്യയ്ക്ക് വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല 30 റണ്‍സ് വഴങ്ങേണ്ടിയും വന്നു. മൂന്നാമനായി പന്തെറിയാനെത്തിയ ബുംറയ്ക്ക് പക്ഷേ മികച്ച ദിവസമായിരുന്നു ഞായറാഴ്ച്ച. 4 ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റും നേടി.

രോഹിത് വിരമിക്കുമ്പോള്‍ പാണ്ഡ്യയ്ക്കു പകരം ബുംറ മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. പാണ്ഡ്യയുടെ വരവ് ഈ പ്രതീക്ഷകളെ കൂടിയാണ് തല്ലിക്കെടുത്തിയത്. എന്തായാലും മുംബൈയുടെ ക്യാംപില്‍ കാര്യങ്ങള്‍ അത്ര നല്ലരീതിയിലല്ല മുന്നോട്ടു പോകുന്നത്.

Related Articles

Back to top button