Cricket

എന്തൊരു ദുരന്തമാണ് സഹോ നിങ്ങള്‍ !! കോഹ് ലിയെ ട്രോളി പാക്കിസ്ഥാന്‍ പേസര്‍

ഐപിഎല്‍ 2024ല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണെങ്കിലും ബാറ്റിംഗിലെ മെല്ലെപ്പോക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ് ലി ഏറെ പഴി കേള്‍ക്കുന്നുണ്ട്.

ഈ സീസണില്‍ സെഞ്ച്വറിയടക്കം നേടിയിട്ടും കോലിക്കെതിരേ ഉയരുന്ന ട്രോളുകള്‍ക്ക് കുറവില്ല. മുംബൈ ഇന്ത്യന്‍സിനെതിരേ വിരാട് കോഹ്‌ലിയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു.

ഒമ്പത് പന്ത് നേരിട്ട് മൂന്നു റണ്‍സാണ് കോഹ്‌ലിക്ക് നേടാനായത്. 33.33 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ജസ്പ്രീത് ബുംറയുടെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച കോഹ്‌ലിക്ക് പിഴച്ചപ്പോള്‍ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ഇഷാന്‍ കിഷന്റെ കൈയ്യിലൊതുങ്ങുകയായിരുന്നു.

കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം ഉയരവെ മുന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ പേസറും കോഹ്‌ലിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്.

പാക് പേസറായിരുന്ന ജുനൈദ് ഖാനാണ് എക്സിലൂടെ കോലിയെ ട്രോളിയത്. ഇതിനോടകം പാക് താരത്തിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 33.33 എന്ന് കുറിച്ച് ഒരു ഇമോജിയോടെയാണ് ജുനൈദ് ഖാന്‍ കോഹ്‌ലിയെ ട്രോളിയത്.

വിരാട് കോഹ്‌ലി രാജസ്ഥാന്‍ റോയല്‍സിനെതിരേ സെഞ്ചുറി നേടിയ മത്സരത്തിലും ജുനൈദ് ഖാന്‍ കോഹ് ലിയെ ട്രോളിയിരുന്നു.

രാജസ്ഥാനെതിരേ 67 പന്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയുടെ റെക്കോഡിനൊപ്പമെത്തിയ പ്രകടനമായിരുന്നു ഇത്.

കോലിയുടെ ബാറ്റിംഗ് പ്രകടനത്തെ പല പ്രമുഖരും പ്രശംസിക്കുന്നുണ്ടെങ്കിലും നിരവധി ആളുകള്‍ വിമര്‍ശിക്കുന്നുമുണ്ട്.

ട്വന്റി20 ലോകകപ്പ് ടീമില്‍ കോഹ് ലിയെ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യവും ഉയരുന്നു. ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംനേടിയാല്‍ മൂന്നാം നമ്പറിലാവും കോലി ഇന്ത്യക്കായി കളിക്കാന്‍ പോവുന്നത്.

എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ മൂന്നാം നമ്പറില്‍ കോഹ്‌ലിയെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ അവസരം കാത്തു നില്‍ക്കുമ്പോള്‍ സെലക്ടര്‍മാരുടെ തീരുമാനം നിര്‍ണായകമാണ്.

ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ കോലി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്ന സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സ്ട്രൈക്ക് റേറ്റിലാണ് കോലി കളി തുടരുന്നതെങ്കില്‍ സെലക്ടര്‍മാര്‍ മാറി ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്.

കോലിയുടെ മെല്ലപ്പോക്ക് ആര്‍സിബിയേയും കാര്യമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ക്യാപ്റ്റന്‍ ഡുപ്ലെസി പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെ കോലിയുടെ ഒച്ചിഴയല്‍ ബാറ്റിംഗ് ടീമിന് ബാധ്യതയായി മാറുന്നു.

കോഹ്‌ലി പെട്ടെന്നു പോയ മത്സരത്തിലാണ് ടൂര്‍ണമെന്റില്‍ തങ്ങളുടെ ഏറ്റവും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ടീമിനു കഴിഞ്ഞതെന്ന വസ്തുതയും മറന്നു കൂടാ.

അതേ സമയം കോലിയുടെ താരമൂല്യവും ആരാധക പിന്തുണയും പരിഗണിക്കുമ്പോള്‍ കോഹ്‌ലിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനും സാധിക്കില്ല.

ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസി ടീമിന്റെ ബാറ്റിംഗ് നിര അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സ് നേടേണ്ടതായുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് കോഹ്‌ലിയെ ഉന്നം വെച്ചാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ട്വന്റി20 ഫോര്‍മാറ്റില്‍ കോഹ്‌ലി മെല്ലപ്പോക്ക് ബാറ്റിംഗ് നടത്തുത് ടീമിന് ഗുണം ചെയ്യില്ലെന്നതാണ് വസ്തുത.

കോഹ് ലിയെ അനുകൂലിക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും ഈ ഒച്ചിഴയല്‍ ബാറ്റിംഗിനെ എതിര്‍ക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ കൂടി വരുന്നുണ്ട്.

അതിനാല്‍ തന്നെ ജുനൈദ് ഖാന്റെ പോസ്റ്റിനോട് അനുകൂലമായും ചിലര്‍ പ്രതികരിക്കുന്നുണ്ട്. കോഹ് ലിയെ മുമ്പും പരിഹസിച്ചിട്ടുള്ളയാളാണ് ഇടങ്കയ്യന്‍ പേസറായ ജുനൈദ് ഖാന്‍.

അതേസമയം കോഹ് ലിയെ പിന്തുണച്ച് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്തെത്തി. പതിയെ തുടങ്ങിയാലും അവസാനം വരെ ബാറ്റു ചെയ്യുമ്പോള്‍ 160ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കോഹ്‌ലിക്ക് സാധിക്കുമെന്നും ടീമില്‍ കോലിയെപ്പോലൊരു താരം അത്യാവശ്യമാണെന്നുമാണ് ലാറ പറയുന്നത്.

എന്തായാലും കോഹ്‌ലിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗ് വരും ദിവസങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് തീര്‍ച്ചയാണ്.

Related Articles

Back to top button