Cricket

ഈ ഭുവിക്ക് ഇതെന്തുപറ്റി? ബാറ്റ്‌സ്ന്മാരുടെ അന്തകന് തൊട്ടതെല്ലാം പിഴയ്ക്കുന്നു!

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന് ഭുവനേശ്വര്‍ കുമാര്‍ എന്ന സ്‌ട്രൈക്ക് ബൗളറുടെ സമീപകാല പ്രകടനങ്ങള്‍ തന്നെയാകും. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ അഫ്ഗാനൊഴികെ മാറ്റി നിര്‍ത്തിയാല്‍ അതിശോകമാണ് ഭുവിയുടെ ബൗളിംഗ്. മുമ്പ് ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചു നിര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഭുവിയെറിയുന്ന ഓവറുകളാണ് എതിരാളികള്‍ക്ക് ജയത്തിലേക്ക് വഴിവെട്ടുന്നത്.

22,19,15,15,17 അവസാന അഞ്ച് മല്‍സരങ്ങളില്‍ ഭുവി മല്‍സരത്തില്‍ തന്റെ അവസാന ഓവറുകളില്‍ വിട്ടുകൊടുത്ത റണ്‍സാണിത്. ഇന്ത്യയെ ജയത്തിലേക്ക് നയിപ്പിക്കുമെന്ന ഘട്ടത്തിലാണ് ക്യാപ്റ്റന്‍ രോഹിത് ഈ മല്‍സരങ്ങളിലെല്ലാം പന്ത് ഭുവിയെ ഏല്‍പ്പിച്ചത്. എന്നാല്‍ എല്ലാ തവണയും നിരാശയായിരുന്നു ഫലം. സ്വിംഗ് കിട്ടാത്ത പിച്ചുകളില്‍ പോലും മുമ്പ് അപകടകാരിയായിരുന്നു ഭുവി.

ഇപ്പോള്‍ സ്വിംഗ് കിട്ടുന്ന കിട്ടുന്ന പിച്ചുകളില്‍ പോലും ആര്‍ക്കും ഭുവനേശ്വറിനെ പേടിയില്ലാതായിരിക്കുന്നു. അടുത്ത മാസം ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് അത്ര സുഖകരമായ കാര്യങ്ങളല്ല സംഭവിക്കുന്നത്. ബൗളിംഗില്‍ പേരിനു പോലും ഒരു നല്ല ബൗളറില്ലാത്ത അവസ്ഥയാണ്. ജസ്പ്രീത് ബുംറയാകട്ടെ എപ്പോഴും പരിക്കിലും. ഹര്‍ഷല്‍ പട്ടേലിനെയും യുസ്വേന്ദ്ര ചഹലിനെയും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.

റണ്ണൊഴുക്ക് തടയുമെന്ന് പ്രതീക്ഷിച്ചിരുന്ന രവീന്ദ്ര ജഡേജ അപ്രതീക്ഷിതമായി പരിക്കേറ്റ് പോയത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളെ പോലും ബാധിക്കുന്ന അവസ്ഥയാണ്. ബൗളിംഗിനൊപ്പം ഫീല്‍ഡിംഗിലും ടീമിന്റെ അവസ്ഥ ശോകമാണ്. മൊഹാലിയില്‍ മൂന്ന് അനായാസ ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. മിസ് ഫീല്‍ഡിംഗിലൂടെ ദാനം ചെയ്ത റണ്‍സുകള്‍ വേറെയും. എന്തായാലും കോച്ചിനും ക്യാപ്റ്റനും ഉറക്കമില്ലാത്ത രാത്രികളാണ് വരുന്നത്.

Related Articles

Back to top button