Cricket

ഒരു പുതിയ കാര്യം കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞ് കുറെയെണ്ണം വരും!! ഇംപാക്ട് പ്ലേയര്‍ നിയമത്തിന് പിന്തുണയുമായി രവി ശാസ്ത്രി

ഈ ഐപിഎല്‍ സീസണില്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലേയര്‍ നിയമത്തോട് വിയോജിക്കുന്നവര്‍ ഏറെയാണ്. നിരവധി പരിശീലകരും താരങ്ങളും നിയമത്തോടു വിയോജിച്ച് ഇതിനോടകം രംഗത്തു വന്നു.

ഇംപാക്ട് പ്ലേയര്‍ നിയമം ടീമിന് ഗുണകരമാണെങ്കിലും ഓള്‍റൗണ്ടര്‍ എന്ന കണ്‍സെപ്റ്റിന് അന്ത്യം കുറിക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

അതേസമയം ഇംപാക്റ്റ് പ്ലേയര്‍ നിയമത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായ രവി ശാസ്ത്രി. ഈ ഐപിഎല്‍ സീസണിലെ ആവേശകരമായ പല മത്സരങ്ങള്‍ക്കും കാരണം ഇംപാക്റ്റ് പ്ലേയര്‍ നിയമമാണെന്ന് രവി ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ നിരീക്ഷണം ഇങ്ങനെ…”ഇംപാക്ട് പ്ലേയര്‍ നിയമം നല്ലതാണ്. കാലത്തിനനുസരിച്ച് നമ്മള്‍ പരിണമിക്കേണ്ടതുണ്ട്. മറ്റു കായിക ഇനങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്.

ഈ നിയമം പല മത്സരങ്ങളും പ്രവചനാതീതമാക്കുന്നു. നമ്മള്‍ കാലത്തിനനുസരിച്ച് മാറണം. ഇത് ഒരു നല്ല നിയമമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഫലം പ്രവചിക്കാന്‍ സാധിക്കാത്ത ഒരുപാട് മത്സരങ്ങള്‍ കണ്ടു. ഇത്തവണ ഈ നിയമം വലിയ മാറ്റമുണ്ടാക്കി.” ശാസ്ത്രി തന്റെ യുട്യൂബ് ചാനലില്‍ രവിചന്ദ്രന്‍ അശ്വിനോട് പറഞ്ഞു.

ടോസ് സമയത്ത് നല്‍കിയ അഞ്ച് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളുടെ പട്ടികയില്‍നിന്ന് ഒരാളെ പ്ലേയിംഗ് ഇലവനിലെ ഒരാള്‍ക്കു പകരമായി കളത്തിലിറക്കാം എന്നതാണ്. ഫലത്തില്‍ 12 താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും.

” ഒരു പുതിയ നിയമം വരുമ്പോള്‍, അത് ശരിയല്ലെന്ന് സ്ഥാപിക്കാന്‍ കുറേ ആളുകള്‍ ശ്രമിക്കും. എന്നാല്‍ 200, 190 സ്‌കോറുകള്‍ കാണുമ്പോള്‍, കിട്ടുന്ന അവസരം താരങ്ങള്‍ മുതലാക്കുന്നതു കാണുമ്പോള്‍ ഈ ആളുകള്‍ തന്നെ മാറി ചിന്തിക്കും.” രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഇംപാക്ട് പ്ലേയര്‍ നിയമം തുടരണമോ വേണ്ടയോ എന്ന കാര്യം പരിശീലകരുമായും ക്യാപ്റ്റന്മാരുമായും സംസാരിച്ചതിനു ശേഷം തീരുമാനിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി.

ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍, ഇംപാക്റ്റ് പ്ലെയര്‍ നിയമം സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ നിയമം സ്ഥിരമല്ലെന്ന് ബിസിസിഐ സെക്രട്ടറി അന്നേ വ്യക്തമാക്കിയിരുന്നു.

”ഇംപാക്ട് പ്ലെയര്‍ ഒരു ടെസ്റ്റ് കേസ് പോലെയാണ്. ഞങ്ങള്‍ അത് സാവധാനത്തില്‍ നടപ്പിലാക്കി. രണ്ടു ടീമുകളിലുമായും രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

അതു വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ കളിക്കാരുമായും ഫ്രാഞ്ചൈസികളുമായും കൂടിയാലോചിക്കും. ഈ നിയമം സ്ഥിരമല്ല. എന്നാല്‍ മാറ്റുമെന്നും ഞാന്‍ പറയുന്നില്ല.” ജയ് ഷാ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേ സമയം ഈ നിയമത്തിനെതിരേ ആദ്യം വിമര്‍ശനമുയര്‍ത്തിയ ആളുകളിലൊരാളാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ഓള്‍റൗണ്ടറുടെ പ്രാധാന്യം കുറയുമെന്നായിരുന്നു രോഹിത് തുറന്നടിച്ചത്. രോഹിതിനെ പിന്തുണച്ച് നിരവധി ആളുകള്‍ വരുകയും ചെയ്തു.

ഡല്‍ഹി ക്യാപ്റ്റില്‍സ് കോച്ച് റിക്കി പോണ്ടിംഗ്, കൊല്‍ക്കത്ത താരം മിച്ചല്‍ സ്റ്റാര്‍ക് തുടങ്ങിയവരും ഇംപാക്ട് പ്ലെയര്‍ നിയമനത്തെ വിമര്‍ശിച്ചിരുന്നു. എന്തായാലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇംപാക്ട് പ്ലേയര്‍ നിയമം ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കുന്നുണ്ടെന്ന് മത്സര ഫലങ്ങള്‍ തെളിയിക്കുന്നു.

Related Articles

Back to top button