Cricket

ചുമ്മാ വന്നെറിഞ്ഞ് റെക്കോഡിട്ട് ജോ റൂട്ട്!! ബൗളിംഗിലും താന്‍ പുലിയെന്ന് തെളിയിച്ച് ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച രീതിയില്‍ മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും 25 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ രജത് പട്ടീദാറുമാണ് ക്രീസില്‍. 185 പന്തില്‍ 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 125 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ(14), ശുഭ്മാന്‍ ഗില്‍(34), ശ്രേയസ് അയ്യര്‍(27) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്ട്‌ലി, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിനിടെ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് ബൗളിംഗിന് ഓപ്പണിങ് നല്‍കിയത്. ആന്‍ഡേഴ്സണിന് ശേഷം ജോ റൂട്ട് ആയിരുന്നു ബൗള്‍ ചെയ്തത്.


ഇതിന് പിന്നാലെയാണ് ജോ റൂട്ട് ചരിത്രനേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്. 102 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ബൗളിംഗ് ഒാപ്പണ്‍ ചെയ്യുന്ന രണ്ടാമത്തെ സ്പിന്നര്‍ എന്ന ചരിത്രനേട്ടമാണ് റൂട്ട് സ്വന്തം പേരിലാക്കിമാറ്റിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ജാക്ക് ലീച്ച് ആയിരുന്നു. 2022ല്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു ലീച്ച് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലും റൂട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിംഗില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ലെങ്കിലും രണ്ടിന്നിംഗ്‌സിലുമായി അഞ്ചു വിക്കറ്റുകള്‍ നേടി വിജയത്തില്‍ നിര്‍ണായകമാകാന്‍ താരത്തിനായി.

Related Articles

Back to top button