CricketTop Stories

ഇംപാക്ട് ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ഇന്ത്യയും പഠിച്ചു!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി-20 യിലെ ഇന്ത്യന്‍ ബാറ്റിംഗ് പുതിയൊരു സമീപനത്തിന്റെ ഉദാഹരണമായി എടുത്തു കാട്ടാം. ഏഷ്യാകപ്പില്‍ ശ്രീലങ്ക വിജയകരമായി നടപ്പിലാക്കിയ ‘ഇംപാക്ട്’ ഇന്നിംഗ്‌സുകളാണ് മൊഹാലിയില്‍ ഇന്ത്യയില്‍ നിന്നുണ്ടായത്.

ക്രീസിലെത്തിയ ബാറ്റ്‌സ്മാന്മാര്‍ പിടിച്ചു നിന്ന് ഇന്നിംഗ്‌സ് കെട്ടിപ്പെടുക്കുന്നതിന് പകരം കൊച്ചു കൊച്ചു ഇന്നിംഗ്‌സുകളിലൂടെ റണ്‍നിരക്ക് ഉയര്‍ത്താനാണ് ശ്രമിച്ചത്. വിരാട് കോഹ്‌ലി മാത്രമാണ് ഇതിനൊരു അപവാദം. കെ.എല്‍ രാഹുലും (35 പന്തില്‍ 55) സൂര്യകുമാര്‍ യാദവും (25 പന്തില്‍ 46) തങ്ങളുടെ ചെറുതെങ്കിലും വിലയേറിയ ഇന്നിംഗ്‌സുകള്‍ കളിച്ചത് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നെടുന്തൂണായി മാറി. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ഹര്‍ദിക് പാണ്ഡ്യ കളിച്ച ഇന്നിംഗ്‌സും ഈ ഗണത്തില്‍പ്പെടുത്താം.

ട്വന്റി-20യില്‍ 60-70 പന്തുകള്‍ നേരിട്ട് 80-90 റണ്‍സ് നേടുന്നതിലും ടീമിന് ഗുണം ചെയ്യുക 20-30 പന്തുകളില്‍ 50-60 റണ്‍സ് നേടുന്നത്. ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് ഏതുരീതിയില്‍ പ്രതികരിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകുന്നു. ക്രീസില്‍ കൂടുതല്‍ നേരം സെറ്റാകാന്‍ എടുക്കുന്നതിലും നല്ലത് ഇത്തരം കൊച്ച് ഇന്നിംഗ്‌സുകളിലൂടെ ടീം സ്‌കോര്‍ കെട്ടിപ്പെടുക്കുന്നത് തന്നെയാണ്.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ടു പോകണമെങ്കില്‍ ഓരോ മല്‍സരത്തിലും ഇത്തരത്തില്‍ മൂന്നോ നാലോ ഇംപാക്ട് ഇന്നിംഗ്‌സുകള്‍ ഉണ്ടായാല്‍ മതി. മറ്റ് ടീമുകള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കളിക്കാനാണ്. ഇന്ത്യയും അതേ വഴിയില്‍ പോകുന്നത് ഗുണം ചെയ്യുമെന്നുറപ്പാണ്.

Related Articles

Back to top button