CricketTop Stories

കൈയില്‍ നിന്ന് പൈസയെടുത്ത് കളിക്കാന്‍ വരുന്നവര്‍; അറിയണം ഹോങ്കോംഗ് താരങ്ങളുടെ അവസ്ഥ!

നാലു കളിക്കാര്‍ ഹോങ്കോംഗ് തെരുവുകളിലൂടെ ഫുഡ് ഡെലിവറി ആപ്പുകളുടെ വാഹനം ഓടിക്കുന്നു. രണ്ടുപേര്‍ സ്‌കൂള്‍ അധ്യാപകര്‍, ഒരാള്‍ ജുവലറി ബിസിനസ് നടത്തുന്നു. കൂട്ടത്തിലെ പ്രായം കുറഞ്ഞ താരം കോളജ് വിദ്യാര്‍ഥിയും. ഇന്ത്യയ്‌ക്കെതിരേ പോരാടി കീഴടങ്ങിയ ഹോങ്കോംഗ് ടീമിലെ കളിക്കാരുടെ അവസ്ഥയാണിത്. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ടീമിലെ താരങ്ങളെല്ലാം കളിയോടുള്ള പാഷന്റെ പുറത്ത് മാത്രമാണ് കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ലാഞ്ഞിട്ടും വീണ്ടും വീണ്ടും ഹോങ്കോംഗ് ടീമിന്റെ ജേഴ്‌സിയണിയുന്നത്.

പ്രെഫഷണല്‍ ക്രിക്കറ്റര്‍മാരല്ലെങ്കിലും കഴിഞ്ഞ മൂന്നു മാസമായി ഹോങ്കോംഗ് താരങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഒന്നിനു പുറകെ ഒന്നായി പരമ്പരകള്‍ വന്നതാണ് താരങ്ങളുടെ വീട്ടിലേക്കുള്ള മടക്കം വൈകിപ്പിച്ചത്. മൂന്നു മാസത്തിനിടെ മൂന്നു താരങ്ങള്‍ക്ക് കുഞ്ഞുങ്ങളും പിറന്നു. ബാബര്‍ ഹയത്ത്, എഹ്‌സാന്‍ ഖാന്‍, യാസിം മുര്‍ത്താസ എന്നിവരാണ് അച്ഛന്‍മാരായത്. വീഡിയോ കോളിലൂടെ മക്കളെ കാണാനാണ് ഇവരുടെ വിധി.

വല്ലാത്തൊരു ജീവിതമാണ് ഹോങ്കോംഗ് താരങ്ങളുടേതെന്ന് കോച്ച് ട്രെന്റ് ജോണ്‍സ്റ്റന്‍ പറയുന്നു. കോവിഡ് മൂലം ഒന്നര വര്‍ഷത്തോളം പരിശീലനം നടത്താനോ തമ്മില്‍ കാണാനോ കളിക്കാര്‍ക്ക് സാധിച്ചിരുന്നില്ല. പലരും ഈ സമയം സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്തു. ചെറിയ സഹായങ്ങള്‍ മാത്രമാണ് അസോസിയേഷന് ചെയ്തു കൊടുക്കാന്‍ സാധിച്ചതെന്ന് കോച്ച് പറയുന്നു.

ഹോങ്കോംഗ് ടീമിലെ എല്ലാവരും തന്നെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയവരാണ്. ആയുഷ് ശുക്ലയെന്ന താരം വീട്ടില്‍ നിന്ന് കിട്ടുന്ന പൈസ കൊണ്ടാണ് ദേശീയ ടീമിന്റെ പരിശീലനത്തിനും മറ്റുമായി വരുന്നത്. ചൈനീസ് അധീനതയിലുള്ള ഹോങ്കോംഗില്‍ ക്രിക്കറ്റിന് അത്ര വലിയ പ്രചാരമൊന്നുമില്ല. കുടിയേറ്റക്കാരിലൂടെയാണ് ക്രിക്കറ്റ് ഇവിടെ വളരുന്നത്. ക്ലബുകളും കുറവാണ്.

തദ്ദേശീയര്‍ക്ക് ക്രിക്കറ്റില്‍ അത്ര താല്‍പര്യവുമില്ല. ഹോങ്കോംഗിനായി കളിച്ചിരുന്ന പല യുവതാരങ്ങളും കളി നിര്‍ത്തുകയോ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്തു. മാര്‍ക്ക് ചാപ്മാന്‍ തന്നെ ഉദാഹരണം. ഹോങ്കോംഗ് ടീമിലെ ഏക തദ്ദേശീയനായിരുന്നു ചാപ്മാന്‍. ഒന്നാന്തരം പ്രതിഭാധനനായ താരം. ചാപ്മാന്‍ ഇപ്പോള്‍ ന്യൂസിലന്‍ഡ് ദേശീയ ടീമിനായി കളിക്കുകയാണ്. ചാപ്മാന്റെ പിതാവ് ന്യൂസിലന്‍ഡുകാരനാണ്. അതുവഴിയാണ് കിവി ടീമില്‍ കളിക്കാന്‍ പറ്റിയത്.

ഹോങ്കോംഗ് ടീമിലെ മറ്റൊരു സൂപ്പര്‍താരമായിരുന്നു അനുഷ്മാന്‍ റാത്ത്. ഇന്ത്യന്‍ വംശജനായിരുന്ന റാത്ത് മുമ്പ് ഏഷ്യാകപ്പുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച താരം കൂടിയാണ്. തന്റെ കരിയറിന് പ്രെഫഷണലിസം നല്‍കാന്‍ അദേഹം ഹോങ്കോംഗിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. ഇപ്പോള്‍ ഒഡീഷയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിക്കുകയാണ്. ഹോങ്കോംഗിനായി 18 കളികളില്‍ 828 റണ്‍സെടുത്ത ഈ 24കാരന്റെ ഉയര്‍ന്ന സ്‌കോര്‍ 143 റണ്‍സാണ്.

ജാമി അറ്റ്കിന്‍സണ്‍ എന്നൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അവര്‍ക്കുണ്ടായിരുന്നു. ഗംഭീര താരം. ഹോങ്കോംഗ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അറ്റ്കിന്‍സണ്‍. ജീവിക്കാന്‍ ജോലിയെടുക്കണമെന്ന് മനസിലാക്കി യുവതാരം ഇപ്പോള്‍ ഒരു സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറായി മാറി. ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ എന്ന മറ്റൊരു യുവതാരം പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി. ഇപ്പോള്‍ പൈലറ്റായി ജോലി ചെയ്യുന്നു.

ഇതുപോലെ നിരവധി യുവതാരങ്ങളെ ഹോങ്കോംഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. പലര്‍ക്കും കളി മുന്നോട്ടു കൊണ്ടു പോകാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഹോങ്കോംഗില്‍ ക്രിക്കറ്റിന് പ്രെഫഷണല്‍ സംവിധാനം ഇല്ലാത്തത് അവരുടെയൊക്കെ കരിയറിനെ ബാധിക്കുന്നു. അസോസിയേറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് എന്തുകൊണ്ട് വളരുന്നില്ലെന്നതിന് നല്ലൊരു ഉത്തരം കൂടിയാണ് ഹോങ്കോംഗ്.

Related Articles

Leave a Reply

Back to top button