Cricket

നേരിട്ടത് 6 പന്ത്, അടിച്ചത് 5 കൂറ്റന്‍ സിക്‌സറുകള്‍, സ്‌ട്രൈക്ക് റേറ്റ് 500!! എബിഡി രണ്ടാമന്റെ പടയോട്ടം!

ലോക ക്രിക്കറ്റിലെ രണ്ടാം എ.ബി ഡിവില്യേഴ്‌സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഡെവാല്‍ഡ് ബ്രെവിസ്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പോടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ബ്രെവിസ്. ഇപ്പോള്‍ ലോകമെങ്ങുമുള്ള ട്വന്റി-20 ലീഗുകളിലെ സജീവ സാന്നിധ്യമായ യുവതാരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

വിന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ബ്രെവിസിനെ ശ്രദ്ധകേന്ദ്രമാക്കുന്നത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസിന് വേണ്ട് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ നടത്തിയ പ്രകടനം ഏവരുടെയും പുകഴ്ത്തലുകള്‍ക്ക് അര്‍ഹമായി മാറി.

പതിനേഴാം ഓവറിലെ അവസാന പന്തില്‍ ഡാരെന്‍ ബ്രാവോ 21 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകുമ്പോഴാണ് ബ്രെവിസ് ക്രീസിലെത്തുന്നത്. അപ്പോള്‍ സെന്റ് കിറ്റ്‌സിന്റെ സ്‌കോര്‍ വെറും 94 റണ്‍സ് മാത്രം. ബാക്കിയുള്ളത് വെറും 18 പന്തുകളും. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയത് അതുവരെ തകര്‍ത്തെറിഞ്ഞ അക്കീല്‍ ഹൊസിന്‍. മൂന്നോവറില്‍ വെറും ആറു റണ്‍സായിരുന്നു അതുവരെ ഹൊസിന്‍ വിട്ടുകൊടുത്തിരുന്നത്.

എന്നാല്‍ ആ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സിക്‌സും ഫോറും നേടിയ റൂഥര്‍ഫോര്‍ട് മൂന്നാം പന്തില്‍ സ്‌ട്രൈക്ക് ബ്രെവിസിന് കൈമാറി. പിന്നാലെ നേരിട്ട മൂന്ന് പന്തുകളും ബ്രെവിസ് സിക്‌സര്‍ പറത്തി. ഇരുപതാം ഓവറിലെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തി ബ്രെവിസ് ആറിന് 163 റണ്‍സെന്ന നിലയിലേക്ക് സെന്റ് കിറ്റ്‌സിനെ എത്തിച്ചു. 6 പന്തില്‍ അഞ്ചിലും സിക്‌സര്‍ പറത്തിയ ബ്രെവിസിന്റെ സ്‌ട്രൈക്ക് റേറ്റ് 500 ആയിരുന്നു.

Related Articles

Back to top button