Cricket

ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളറിന് അനിശ്ചിതത്വം; രണ്ടാംവരവില്‍ തിരിച്ചടിയായത് മെഡിക്കല്‍ എമര്‍ജന്‍സി!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡിസംബര്‍ പത്തിന് ആരംഭിക്കുന്ന ട്വന്റി-20 ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യയുടെ യുവസംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ ആദ്യമായി കളിക്കുന്ന ഒരുപിടി താരങ്ങളാണ് സൂര്യകുമാര്‍ നയിക്കുന്ന ടീമിലുള്ളത്.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായിട്ടാണ് ടീം മാനേജ്‌മെന്റ് ഈ പര്യടനത്തെ കാണുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ മല്‍സരപരിചയം നല്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാര്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ച സംഘത്തിനൊപ്പം ചഹാര്‍ പോയിട്ടില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് ദീപക്കിന്റെ പിന്‍മാറ്റത്തിന് കാരണം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരത്തിനു തൊട്ടുമുന്‍പാണ് ചഹാര്‍ ടീം വിട്ടത്. പിതാവിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും വന്നതോടെയാണ് താരം ടീം വിട്ട് കുടുംബത്തോടൊപ്പം ചേര്‍ന്നത്.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മുതിര്‍ന്ന താരങ്ങളില്‍ പലരും കളിക്കില്ലെന്ന് വ്യക്തമായതോടെ ഇന്ത്യ അയയ്ക്കുക താരതമ്യേന പുതുമുഖങ്ങള്‍ നിറഞ്ഞ ടീമിനെയാകും. ഓസീസിനെതിരേ കളിച്ച സംഘത്തില്‍ പലരും ലോകകപ്പിലും സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

ദീപക് ചഹാര്‍ അക്കൂട്ടത്തില്‍ പ്രധാനിയാണ്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യം അല്ലെങ്കിലും പ്രധാനപ്പെട്ട അംഗം തന്നെയാണ് താരം. ഇടയ്ക്കിടയ്ക്ക് വന്ന പരിക്കുകളാണ് താരത്തിന്റെ കരിയറില്‍ തിരിച്ചടിയായത്.

അതിനിടെ, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ട്വന്റി-20യ്ക്ക് ഞായറാഴ്ച്ച തുടക്കമാകും. സ്പിന്‍, ബാറ്റിംഗ് അനുകൂലമായ ഡര്‍ബനിലാണ് ആദ്യ മല്‍സരം. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ദക്ഷിണാഫ്രിക്കയും എത്തുന്നത്.

സ്ഥിരം നായകനായിരുന്ന ടെംബ ബവുമയ്ക്ക് പകരം എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്. ബവുമയ്ക്ക് ട്വന്റി-20 ടീമിലേക്ക് ഇടംകിട്ടിയതുമില്ല. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശക്തമാണ് ദക്ഷിണാഫ്രിക്ക. മൂന്ന് ട്വന്റി-20യാണ് പരമ്പരയിലുള്ളത്.

Related Articles

Back to top button