Cricket

ബംഗ്ലാദേശില്‍ സമാനതകളില്ലാത്ത നാണക്കേട് തീര്‍ത്ത് ഇംഗ്ലീഷ് പട!!

ചരിത്രത്തില്‍ ആദ്യമായി ഏഷ്യയില്‍ ഒരു ട്വന്റി-20 പരമ്പരയില്‍ എല്ലാ മല്‍സരങ്ങളും തോറ്റമ്പി ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അതിശക്തമായ നിരയുമായെത്തിയ ജോസ് ബട്‌ലറിന്റെ ടീം പരമ്പര 3-0ത്തിനാണ് അടിയറവ് വച്ചത്.

മൂന്നാം മല്‍സരത്തില്‍ 16 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് 158-2, ഇംഗ്ലണ്ട് 142-6. ബംഗ്ലാദേശിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ഇപ്പോഴും തങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് ഇംഗ്ലീഷുകാര്‍ വ്യക്തമാക്കുന്നതായി ദയനീയ പരമ്പര തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് അടിച്ചെടുത്തത്. ഒരുഘട്ടത്തില്‍ 17 ഓവറില്‍ ഒന്നിന് 139 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ 57 പന്തില്‍ 73 റണ്‍സെടുത്ത ലിട്ടണ്‍ ദാസ്് വീണതോടെ ബംഗ്ലാ വീര്യത്തിന്റെ ഗ്യാസ് പോയി.

നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും (36 പന്തില്‍ 47), ഷക്കീബ് അല്‍ഹസനും (6 പന്തില്‍ 4) ചേര്‍ന്ന് അവസാന 18 പന്തില്‍ 19 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഒരു ട്വന്റി-20യില്‍ ഇംഗ്ലണ്ട് ആദ്യമായിട്ടാണ് ഇത്രയും കുറച്ചു വിക്കറ്റുകള്‍ വീഴ്ത്തുന്നതെന്ന പ്രത്യേകതയും ബംഗ്ലാദേശ് ഇന്നിംഗ്‌സിനുണ്ട്.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ തന്‍വീര്‍ ഇസ്ലാമിനെ കയറിയടിക്കാനുള്ള ശ്രമം പാളി. ലിട്ടണ്‍ദാസിന് അനായാസ സ്റ്റംപിംഗായിരുന്നു ഫലം.

രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം ഒത്തുചേര്‍ന്ന ഡേവിഡ് മലാന്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചതാണ്. ഇരുവരും തകര്‍പ്പന്‍ ഷോട്ടുകളുമായി കളംനിറഞ്ഞതോടെ ബംഗ്ലാദേശിന്റെ പിടി അയഞ്ഞു.

രണ്ടാം വിക്കറ്റായി പതിമൂന്നാമത്തെ ഓവറില്‍ മലാന്‍ 47 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായതോടെ കളി കീഴ്‌മേല്‍ മറിഞ്ഞു. ഈ സമയം സ്‌കോര്‍ബോര്‍ഡില്‍ 100 റണ്‍സ് പിന്നിട്ടിരുന്നു. അവസാന 42 പന്തില്‍ വെറും 59 റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍.

മലാനൊപ്പം ബട്‌ലറും (31 പന്തില്‍ 40) അടുത്തടുത്ത പന്തില്‍ വീണതോടെ ഇംഗ്ലണ്ട് ബാക്ക്ഫുട്ടിലായി. പിന്നീടെത്തിയ ബാറ്റര്‍മാര്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ സാധിച്ചില്ല. അതോടെ ഇംഗ്ലീഷ് പതനം പൂര്‍ത്തിയായി.

Related Articles

Back to top button