Cricket

ശിവം ദുബെ ബൗളിംഗില്‍ പടം!! ഹാര്‍ദിക് പാണ്ഡ്യയെ എടുക്കാതെ മറ്റു വഴിയില്ല; ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍

ട്വന്റി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ആരൊക്കെ ടീമില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.

യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ഇടംപിടിച്ചേക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഏതാനും ദിവസത്തിനുള്ളില്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലേക്ക് ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ നിന്ന് മറ്റൊരു മികച്ച ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടറെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ബിസിസിഐയ്ക്കു മുന്നില്‍ പാണ്ഡ്യയെ എടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പിന്നെയുള്ള ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശിവം ദുബെയാണ്. ബാറ്റിംഗില്‍ മിന്നുന്ന ഫോമിലാണ് ദുബെ. എന്നാല്‍ താരത്തെക്കൊണ്ട് സിഎസ്‌കെ ബൗള്‍ ചെയ്യിപ്പിക്കുന്നില്ല.

അതുകൊണ്ടു തന്നെ ദുബെയെ ‘ഓള്‍റൗണ്ടറായി’ ടീമിലെടുക്കാനുമാകില്ല. പകരക്കാരായി ആരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍, പാണ്ഡ്യയിലേക്കു തന്നെ ബിസിസിഐ വീണ്ടും എത്തുകയാണ്. ഏകദിന ലോകകപ്പിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവില്‍ കളിച്ചത്. ലോകകപ്പിനിടെ പരിക്കേറ്റ താരം പിന്നീട് തിരിച്ചെത്തുന്നത് ഐപിഎല്ലിലാണ്.

ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 17 ഓവറുകള്‍ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ചില മത്സരങ്ങളില്‍ ബൗള്‍ ചെയ്തതുമില്ല.

ബാറ്റിംഗിലും മോശം ഫോമിലാണ് താരം. പാണ്ഡ്യയെ ടീമില്‍ എടുത്താലും, ബാറ്ററായി മാത്രം ശിവം ദുബെയെ പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. അതേ സമയം മികച്ച പ്രകടനം നടത്തുന്ന യുവതാരം റിയാന്‍ പരാഗ് അടക്കമുള്ളവരും ടീമിലേക്ക് സ്ഥാനം ഉന്നയിക്കുന്നുണ്ട്.

Related Articles

Back to top button