Cricket

സഞ്ജുവിന്റെ കാര്യം തീരുമാനമായി !! റിഷഭ് പന്ത് ലോകകപ്പ് ടീമിലേക്കെന്ന് സൂചന; രാഹുലിനും സാധ്യത

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ടീമിനെ തെരഞ്ഞെടുക്കാനുള്ള യോഗം 28ന് ദില്ലിയില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനായി രോഹിത് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇതിനു ശേഷം മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ടീമിനെ അന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

വിക്കറ്റ് കീപ്പര്‍ സ്ഥാനം സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചകള്‍. മലയാളി താരം സഞ്ജു സാംസണെ കൂടാതെ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കും സാധ്യതയുണ്ട്.

ഐപിഎല്‍ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ പന്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ പന്ത് നേടിയത്. 161.32 സ്‌ട്രൈക്ക് റേറ്റാണ് പന്തിനുള്ളത്.

എട്ട് കളികളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികളടക്കം 152.42 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സുമായി സഞ്ജു പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 141 സ്‌ട്രൈക്ക് റേറ്റില്‍ 302 റണ്‍സുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തും. കാര്‍ത്തികിന് എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 195.52എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 262 റണ്‍സുണ്ട്.

എന്നാല്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഐപിഎല്ലിനെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന.

പിടിഐയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പന്ത് ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായും ഫിനിഷറായും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

സ്വഭാവികമായിട്ടും ബാക്ക് അപ്പ് കീപ്പറായി സഞ്ജുവിനെയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ രാഹുലിന് നറുക്ക് വീണേക്കും. ഷോട്ടുകള്‍ പായിക്കുന്നതിലെ വൈവിധ്യമാണ് രാഹുലിനെ സഞ്ജുവിനേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സഞ്ജു ടീമില്‍ ഇടംപിടിക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ.

Related Articles

Back to top button