CricketIPL

റോയല്‍ ചലഞ്ചേഴ്‌സിന് വന്‍തിരിച്ചടി!! 3.2 കോടിയുടെ ഓള്‍റൗണ്ടറും പുറത്ത്!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി തുടരുന്നു. സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പരിക്കുമൂലം ഈ സീസണ്‍ നഷ്ടമായേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അടുത്ത തിരിച്ചടി.

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ വില്‍ ജാക്കിന് ഏറ്റ പരിക്കാണ് ആര്‍സിബിക്ക് കൂനിന്മേല്‍ കുരുവായി മാറിയത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ജാക്കിന് പരിക്കേല്‍ക്കുന്നത്. എത്രത്തോളം ഗുരുതരമാണ് പരിക്കെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്റി-20 പരമ്പരയില്‍ നിന്ന് യുവതാരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ 132 റണ്‍സിന് ജയിച്ച രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഇടുപ്പിന് പരിക്കേറ്റ ജാക്ക് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് തിരികെ മടങ്ങുമെന്നും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഡിസംബറില്‍ നടന്ന താരലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് വില്‍ ജാക്കിനെ ആര്‍സിബി സ്വന്തമാക്കിയത്.

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഈ താരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ബാക്കപ്പ് ആയിട്ടാണ് വാങ്ങിയതെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാനുള്ള സാധ്യത കൂടുതലായിരുന്നു.

ലോകമെമ്പാടുമുള്ള ട്വന്റി-20 ലീഗുകളില്‍ സജീവമാണ് ജാക്. ദക്ഷിണാഫ്രിക്കയിലെ എസ്എ 20 ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ കളിച്ചിരുന്നു. മിക്ക ലീഗുകളിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന നല്‍കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ രണ്ടുവീതം ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിവയാണ് കളിച്ചിട്ടുള്ളതെങ്കിലും ലോക ലീഗുകളില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ജാക്കിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ പാക്കിസ്ഥാനെതിരേ അടുത്തിടെ ആറുവിക്കറ്റ് നേടിയിരുന്നു.

ഈ മാസം 31 നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലീഗിനെത്തുന്നത്. ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ കഴിയുന്ന ഒരുപിടി താരങ്ങള്‍ അവരുടെ ടീമിലുണ്ട്.

Related Articles

Back to top button