CricketIPL

ബംഗ്ലാദേശിനെയും ലങ്കയെയും വിലക്കാന്‍ ഐപിഎല്‍? ബിസിസിഐ കലിപ്പില്‍!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷന് ആരവം ഉയരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. മിക്ക ടീം ക്യാംപുകളിലേക്കും വിദേശ താരങ്ങള്‍ ഉള്‍പ്പെടെ എത്തിയെങ്കിലും ടീമുകളെല്ലാം ആശങ്കയിലാണ്.

മിക്ക ടീമുകളിലെയും പ്രധാനപ്പെട്ട താരങ്ങള്‍ക്ക് പരിക്ക് പിടിപെട്ടതാണ് ടീം ഫ്രാഞ്ചൈസികളെ ആശങ്കാകുലരാക്കുന്നത്. വിദേശ താരങ്ങളാണ് കൂടുതല്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത്.

വില്‍ ജാക്ക്, കെയ്ല്‍ ജാമിസണ്‍, രജത് പട്ടിഡാര്‍, പ്രസീദ് കൃഷ്ണ, ജേ റിച്ചാര്‍ഡ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം ഇത്തവണ കളിക്കുന്ന കാര്യത്തില്‍ സംശയത്തിലാണ്.

അതിലും വലിയ പ്രശ്‌നമാണ് ചില ടീമുകള്‍ അനുഭവിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കാത്തതു കൊണ്ട് ഷക്കീബ് അല്‍ഹസന്‍, ലിട്ടണ്‍കുമാര്‍ ദാസ്, മൊസ്താഫിസൂര്‍ റഹ്‌മാന്‍ എന്നിവര്‍ ലീഗിന്റെ ആദ്യഘട്ടം നഷ്ടമാകും.

ബംഗ്ലാദേശില്‍ അയര്‍ലന്‍ഡ് പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്. ഈ പരമ്പര അവസാനിച്ച ശേഷം മാത്രമേ ബംഗ്ലാദേശ് താരങ്ങളെ അവര്‍ വിട്ടുനല്‍കുകയുള്ളൂ. സമാന അവസ്ഥയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും.

ലങ്കയുടെ ന്യൂസിലന്‍ഡ് പര്യടനം പുരോഗമിക്കുകയാണ്. ടെസ്റ്റ് പരമ്പര അവസാനിച്ചെങ്കിലും നിര്‍ണായകമായ ഏകദിന പരമ്പരയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ഏകദിനം ദയനീയമായി തോറ്റ ലങ്ക ഇപ്പോള്‍ തന്നെ ബാക്ക്ഫുട്ടിലാണ്.

അടുത്ത രണ്ട് മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ നേരിട്ട് ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുകയുള്ളൂ. ന്യൂസിലന്‍ഡ് തങ്ങളുടെ രണ്ടാംനിര ടീമിനെയാണ് പരമ്പരയ്ക്കായി ഇറക്കിയിരിക്കുന്നത്.

അതേസമയം, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ബിസിസിഐ കട്ടകലിപ്പിലാണെന്നാണ്. ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ താരങ്ങളെ ബംഗ്ലാദേശ്, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ വിട്ടുകൊടുക്കാത്തതാണ് ഇന്ത്യന്‍ ബോര്‍ഡിന്റെ കലിപ്പിന് കാരണം.

അടുത്ത സീസണ്‍ മുതല്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന് ദേശീയ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആവശ്യ സമയത്ത് താരങ്ങളെ വിട്ടുകിട്ടാത്ത ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പരാതിയിലാണ് നീക്കം.

കോടികള്‍ നല്‍കിയാണ് താരങ്ങളെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്നത്. പകുതി മല്‍സരങ്ങള്‍ കളിച്ചില്ലെങ്കില്‍ പോലും താരങ്ങള്‍ക്ക് മുഴുവന്‍ പ്രതിഫലവും ഫ്രാഞ്ചൈസികള്‍ നല്‍കാറുണ്ട്.

കോടികള്‍ നല്‍കിയിട്ടും താരങ്ങളെ കിട്ടാത്തത് തങ്ങളുടെ പ്രകടനത്തെയും വരുമാനത്തെയും ബാധിക്കുമെന്നാണ് ഫ്രാഞ്ചൈസികളുടെ പരാതി. അടുത്ത സീസണ്‍ മുതല്‍ എന്‍ഒസി കിട്ടുന്ന താരങ്ങളെ മാത്രം ലേലത്തിന് ഉള്‍പ്പെടുത്താനുള്ള തീരുമാനം എടുത്താല്‍ പലരും പുറത്താകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button