Cricket

കിട്ടിയ അവസരം മുതലാക്കി കിഷന്‍! പന്തിന് റെഡ് സിഗ്നല്‍?

രോഹിത് ശര്‍മയ്ക്ക് രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റത് കൊണ്ട് മാത്രമാണ് ഇഷാന്‍ കിഷന് മൂന്നാം മല്‍സരത്തില്‍ അവസരം കിട്ടിയത്. റിഷാഭ് പന്ത് എന്ന ഒരൊറ്റ ഓപ്ഷനില്‍ മുന്നോട്ടു പോകുന്ന ടീം മാനേജ്‌മെന്റിനും സെലക്ഷന്‍ കമ്മിറ്റിക്കും കിഷനോടോ സഞ്ജുവിനോടോ വലിയ താല്‍പര്യമില്ലെന്ന് തോന്നിക്കുന്ന പോലെയാണ് കാര്യങ്ങള്‍. ഇപ്പോഴിതാ കിട്ടിയ അവസരം സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുകയാണ് കിഷന്‍.

ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കിഷന്‍ കൃത്യമായ സൂചനയാണ് ടീം മാനേജ്‌മെന്റിനും പന്തിനും നല്‍കിയിരിക്കുന്നത്. സെലക്ടര്‍മാര്‍ പന്തിന് നല്‍കുന്ന എല്ലാവിധ മേല്‍ക്കൈകളും കിഷനുമുണ്ട്. ഇടംകൈയനാണെന്നതും ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ സാധിക്കുന്ന താരമാണെന്നതും കിഷന് കിട്ടുന്ന പ്ലസ് പോയിന്റ്‌സാണ്.

ബംഗ്ലാദേശിനെതിരായ കിഷന്റെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. കാരണം, ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പൂര്‍ണ പരാജയമായ രണ്ട് ഏകദിനങ്ങള്‍ക്ക് ശേഷമാണ് കിഷന്റെ തകര്‍പ്പന്‍ പ്രകടനം വരുന്നത്. കിഷന്റെ ഈ പ്രകടനത്തോടെ പന്തിന് ഇനിയെങ്ങനെ അവസരം നല്‍കുമെന്ന കാര്യം കണ്ടറിയണം.

കിഷനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ മാത്രമായി കളിപ്പിച്ച് ഒന്നോ രണ്ടോ മല്‍സരങ്ങള്‍ പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. കിഷനെക്കാളും മോശം കീപ്പറായ കെഎല്‍ രാഹുലിനെ അധിക ചുമതല ഏല്‍പ്പിച്ചതിന്റെ കാരണവും ഒരുപക്ഷേ അതുതന്നെയാകും.

നിലവിലെ അവസ്ഥയില്‍ പന്തിനെ സംരക്ഷിക്കുമ്പോഴും മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ താരത്തിന് സാധിക്കുന്നില്ലെന്നതാണ് സെലക്ടര്‍മാരെ കുഴയ്ക്കുന്നത്.

കിഷന്റെ മികച്ച പ്രകടനം സഞ്ജുവിന്റെ തിരിച്ചു വരവിനും ചിലപ്പോള്‍ വെല്ലുവിളിയാകും. കാരണം, സെലക്ടര്‍മാര്‍ ഇപ്പോഴും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളിലാണ് മലയാളി താരത്തെ പരിഗണിക്കുന്നത്. കിഷന്‍ അവസരം മുതലെടുക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് സഞ്ജുവിന് തന്നെയാകും.

Related Articles

Back to top button