Cricket

അഫ്ഗാന്റെ പണിയില്‍ ‘നെഞ്ചിടിപ്പ്’ പാക് ക്യാംപില്‍; ചെപ്പോക്കില്‍ വലിയത് സംഭവിച്ചേക്കും!!

അതുവരെ അലസതയോടെ പോയിരുന്ന ലോകകപ്പിന് ഒരൊറ്റ മല്‍സരത്തോടെ ജീവന്‍ കൊടുത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ലോകചാമ്പ്യന്മാരെ വലിയൊരു അട്ടിമറിയില്‍ വീഴ്ത്തിയതിന്റെ അലയൊലികള്‍ ഇംഗ്ലീഷ് ക്യാംപില്‍ മാത്രമായി ഒതുങ്ങില്ല.

ഇംഗ്ലണ്ടിന്റെ തോല്‍വി ഗുണം ചെയ്തത് ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കാണ്. പക്ഷേ അഫ്ഗാന്റെ ഇംഗ്ലീഷ് അട്ടിമറി അവിടം കൊണ്ട് മാത്രം നില്‍ക്കില്ലെന്ന ആശങ്ക എല്ലാ ടീമുകളിലും ഉണ്ട്. അതിനു കാരണം പലതാണ്.

നിലവില്‍ ഓസ്‌ട്രേലിയയ്ക്കും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കുമെല്ലാം ഇനി അഫ്ഗാനുമായിട്ട് മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാന്റെ പ്രയാണത്തില്‍ ആര്‍ക്കൊക്കെ പണികിട്ടുമെന്ന് കണ്ടറിയണം.

ലോകകപ്പ് പിച്ചുകള്‍ കൂടുതല്‍ സ്പിന്‍ അനുകൂലമായി തുടങ്ങിയതാണ് പല ടീമുകളെയും ഭയപ്പെടുത്തുന്നത്. അഫ്ഗാനാകട്ടെ സ്പിന്‍ പാക്ക്ഡ് ടീമുമായിട്ടാണ് ലോകകപ്പ് കളിക്കുന്നത്. അതും ക്വാളിറ്റി സ്പിന്നേഴ്‌സ്.

ലോകകപ്പ് ഫിക്‌സ്ചറുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന അഫ്ഗാന്റെ മറ്റൊരു മല്‍സരം പാക്കിസ്ഥാനുമായിട്ടാണ്. സ്പിന്‍ പറുദീസയായ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പാക്-അഫ്ഗാന്‍ പോരാട്ടം.

ചെന്നൈയിലെ മല്‍സരം അവിടെ നിന്ന് മാറ്റണമെന്ന് പാക്കിസ്ഥാന്‍ ഫിക്‌സ്ചര്‍ വന്ന സമയത്തു തന്നെ ആവശ്യപ്പെട്ടിരുന്നു. പേരുകേട്ട അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കളി മറക്കുമോയെന്ന പോടി തന്നെയായിരുന്നു ഇങ്ങനെയൊരു ആവശ്യത്തിന് കാരണം.

പക്ഷേ, വേദി മാറ്റമെന്ന ആവശ്യം ഐസിസിയും സംഘാടകരും തള്ളിയിരുന്നു. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ ഏതെങ്കിലുമൊരു ടീമിനോട് വല്ലാത്ത വാശിയും വൈരാഗ്യവും ഉണ്ടെങ്കില്‍ അത് പാക്കിസ്ഥാനോടാണ്.

ഈ വൈരാഗ്യത്തിന് കാരണം രാഷ്ട്രീയവും സാമൂഹികവും മതപരമായതുമാണ്. അതുകൊണ്ട് തന്നെ പാക്കിസ്ഥാനെ വീഴ്ത്താന്‍ അവര്‍ ഏതറ്റം വരെയും പോകും. റമീസ് രാജ കഴിഞ്ഞ ദിവസം അഫ്ഗാനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ലോകകപ്പില്‍ ഒരു കളി പോലും ജയിച്ചില്ലെങ്കിലും പാക്കിസ്ഥാനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രം വച്ച് മുന്നോട്ടു പോകുന്നതാണ് അഫ്ഗാന്‍ ക്രിക്കറ്റ് ഗതിപിടിക്കാത്തതിന് കാരണമെന്നായിരുന്നു റമീസിന്റെ പ്രതികരണം.

ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 23നാണ് പാക്കിസ്ഥാന്‍-അഫ്ഗാന്‍ മല്‍സരം. സെമിയിലേക്ക് വഴിതുറക്കാന്‍ ജയം അനിവാര്യമാണെന്നിരിക്കേ ഈ മല്‍സരം പാക്കിസ്ഥാന്റെ ചങ്കിടിപ്പ് കൂട്ടും. സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കുന്ന മല്‍സരമാകും ഇത്.

പാക് നിരയില്‍ കൊള്ളാവുന്നൊരു സ്പിന്നര്‍ ഇല്ലെന്നത് അവരുടെ വലിയ പ്രശ്‌നമാണ്. ഷദാബ് ഖാനും മുഹമ്മദ് നവാസും പന്ത് തിരിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. പേസര്‍മാര്‍ തുടക്കത്തില്‍ വിക്കറ്റ് നേടിയില്ലെങ്കില്‍ മധ്യഓവറുകളില്‍ കളി കൈവിട്ടു പോകുന്ന അവസ്ഥയാണ് നിലവില്‍.

എന്തായാലും ലോകകപ്പിന്റെ സെമിയില്‍ എത്തിയില്ലെങ്കിലും രണ്ടോ മൂന്നോ അട്ടിമറികള്‍ നടത്തി പലരുടെയും ഉറക്കം കെടുത്താനും വഴി അടയ്ക്കാനും ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കും. ആര്‍ക്കൊക്കെ പണി വരുമെന്ന് കണ്ടറിയണം.

Related Articles

Back to top button