Football

സ്പെയിനും ജര്‍മനിയും പുറത്തായേനെ എന്ന് അറിഞ്ഞില്ലെന്ന് എന്‍ റിക്വെ!

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനും ജര്‍മനിയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയും ജപ്പാനും കോസ്റ്റാറിക്കയും നോക്കൗട്ടില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ആലോചിച്ച് നോക്കിയേ… സ്പാനിഷുകാരുടെ ദൈവാനുഗ്രഹംകൊണ്ട് അതുണ്ടായില്ല. ഗ്രൂപ്പ് ഇയില്‍ നിന്ന് ജപ്പാനും സ്പെയിനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മനിയും കോസ്റ്റാറിക്കയും പുറത്തുമായി. ജപ്പാന്‍-സ്പെയ്ന്‍, കോസ്റ്റാറിക്ക-ജര്‍മനി മത്സരങ്ങള്‍ ഒരേ സമയത്താണ് അരങ്ങേറിയത്.

ഒരു ഘട്ടത്തില്‍ ജപ്പാനും കോസ്റ്റാറിക്കയും പ്രീക്വാര്‍ട്ടറില്‍ കടക്കും എന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാല്‍, അക്കാര്യം അറിഞ്ഞില്ലെന്നാണ് മത്സര ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സ്പാനിഷ് മുഖ്യപരിശീലകന്‍ ലൂയിസ് എന്‍ റിക്വെ വെളിപ്പെടുത്തിയത്.

ഞങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകുമായിരുന്നോ…? സത്യമായും അക്കാര്യം ഞാന്‍ അറിഞ്ഞില്ല. എന്റെ മത്സരത്തിലായിരുന്നു ശ്രദ്ധ മുഴുവന്‍. മത്സരത്തില്‍ ഞാന്‍ ഒട്ടും സംതൃപ്തനല്ല, പ്രത്യേകിച്ച് തോല്‍വിയില്‍. ഏത് ഘട്ടത്തിലായിരുന്നു ഞങ്ങള്‍ പുറത്താകുന്ന സാഹചര്യം വന്നത് എന്നറിയില്ല. പക്ഷേ, അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഹൃദയംപൊട്ടി മരിക്കുമായിരുന്നു -ലൂയിസ് എന്‍ റിക്വെ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ 7-0നു തകര്‍ത്ത സ്പെയിന്‍ ലോകകപ്പിലെ ഫേവറിറ്റ് പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍, ഇ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജപ്പാനോട് 1-2നു പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തോടെ മാത്രമാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിട്ടുന്ന സ്പെയ്നിന് എതിരേ 48, 51 മിനിറ്റുകളില്‍ ജപ്പാന്‍ ഗോള്‍ നേടി ലീഡ് സ്വന്തമാക്കി.

ഇതേ സമയം ഗ്രൂപ്പില്‍ കോസ്റ്റാറിക്ക-ജര്‍മനി മത്സരവും അരങ്ങേറുന്നുണ്ടായിരുന്നു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ജര്‍മനി 70-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ 1-2നു പിന്നിലായി. ആ ഗോള്‍ വ്യത്യാസത്തില്‍ മത്സരം അവസാനിച്ചിരുന്നെങ്കില്‍ കോസ്റ്റാറിക്കയ്ക്കും ജപ്പാനും ആറ് പോയിന്റ് വീതവും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തും എത്തുമായിരുന്നു. അങ്ങനെയെങ്കില്‍ ജര്‍മനിക്കൊപ്പം സ്പെയിനും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമായിരുന്നു. ഏതായാലും ജര്‍മനി 4-2ന് ജയിച്ചത് അവര്‍ക്ക് ഗുണം ചെയ്തില്ലെങ്കിലും സ്പെയ്നിനും ഗുണമായി.

പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ ക്രൊയേഷ്യയെയും സ്പെയ്ന്‍ മൊറോക്കോയെയുമാണ് നേരിടുക. ഡിസംബര്‍ ആറ് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മൊറോക്കോ-സ്പെയ്ന്‍ പ്രീക്വാര്‍ട്ടര്‍. ഡിസംബര്‍ അഞ്ച് ഇന്ത്യന്‍ സമയം രാത്രി 8.30ന് ജപ്പാനും ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

Related Articles

Back to top button