FootballTop Stories

കളത്തിലിറങ്ങി നിമിഷങ്ങള്‍ക്കകം വലകുലുക്കി ഗ്രീക്ക് സ്റ്റാര്‍; കളറാക്കി ബ്ലാസ്‌റ്റേഴ്‌സ്!

കൊച്ചിയിലെ രണ്ടാംഘട്ട പ്രീസീസണിലെ രണ്ടാം മല്‍സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. 3-0 ത്തിന് എംഎ കോളജ് ടീമിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. കേരള പ്രീമിയര്‍ ലീഗ് കളിക്കുന്ന ടീമാണ് എംഎ അക്കാഡമിയുടേത്. ലെസ്‌കോവിച്ച്, ദിമിത്രിയോസ് എന്നിവരാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.

പരിക്കേറ്റ പ്രഭുക്ഷാന്‍ ഗില്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡ്യൂറന്റ് കപ്പില്‍ അടക്കം ബ്ലാസ്റ്റേഴ്‌സ് വലകാത്ത സച്ചിന്‍ സുരേഷിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കിയാണ് താരത്തെ ആദ്യ ഇലവനില്‍ കോച്ച് കൡച്ചത്. ലെസ്‌കോവിച്ച്, ഹോര്‍മിപാം, ജിയാനു, ജീക്‌സണ്‍, പൂട്ടിയ, രാഹുല്‍, സഹല്‍, നിഹാല്‍, ഖബ്ര, ജെസല്‍ എന്നിവരാണ് ആദ്യ ഇലവനില്‍ കളിച്ച മറ്റ് താരങ്ങള്‍.

മറുവശത്ത് മുന്‍ സീസണുകളിലടക്കം കേരള പ്രീമിയര്‍ ലീഗില്‍ കളിച്ച അക്കാഡമി താരങ്ങളുമായിട്ടാണ് എംഎ കോളജ് കളത്തിലിറങ്ങിയത്. മുമ്പ് കളിച്ചപ്പോഴെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് ശക്തമായ മല്‍സരം സമ്മാനിക്കാന്‍ കോളജ് ടീമിന് കഴിഞ്ഞിരുന്നു. വര്‍ഷം 75 ലക്ഷം രൂപയുടെ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎ അക്കാഡമി ടീം പലപ്പോഴും അത്ഭുതങ്ങള്‍ തന്നെ കാണിച്ചു തന്നിട്ടുമുണ്ട്.

ഇന്നത്തെ മല്‍സരത്തിലും അവര്‍ നല്ല രീതിയില്‍ തന്നെയാണ് കളിച്ചത്. ഒരുപാട് നാളുകള്‍ ഒന്നിച്ചു കളിക്കുന്നതിന്റെ ആനുകൂല്യം എംഎയുടെ നീക്കങ്ങളില്‍ ആദ്യ പകുതി കാണാന്‍ സാധിച്ചു. മല്‍സരത്തിലെ ആദ്യ സുവര്‍ണാവസരം പിറന്നത് ഏകദേശം 23 മത്തെ മിനിറ്റിനോട് അടുത്താണ്. പൂട്ടിയയുടെ പാസ് ലെസ്‌കോ വലയിലേക്ക് തൊടുത്തെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു.

ഇതിനിടയില്‍ ഒന്നുരണ്ട് മുന്നേറ്റങ്ങള്‍ എംഎ ടീമിനും നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടുകട്ടിയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ആദ്യ ഗോള്‍ ലെസ്‌കോയില്‍ നിന്ന് വന്നു. പൂട്ടിയയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും സൗഹൃദ മല്‍സരം കളിച്ചപ്പോഴും ലെസ്‌കോ ഗോള്‍ നേടിയിരുന്നു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നില്ല. 55 മത്തെ മിനിറ്റില്‍ കോച്ച് വുക്കുമനോവിച്ച് ലൂണയ്ക്കും ദിമിത്രിയോസിനും അവസരം നല്‍കി. മലയാളി താരങ്ങളായ രാഹുലിനും നിഹലിനും പകരമായിട്ടായിരുന്നു ഇരുവരെയും കളത്തിലിറക്കിയത്.

കളിച്ച സമയമത്രയും ആകര്‍ഷക ഫുട്‌ബോള്‍ കാഴ്ച്ചവയ്ക്കാന്‍ നിഹലിന് സാധിച്ചു. ഇത്തവണ പ്രധാന ടീമിലേക്ക് നിഹലിന് അവസരം കിട്ടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

കളത്തിലിറങ്ങി അഞ്ചു മിനിറ്റ് തികയും മുമ്പേ ദിമിത്രിയോസ് എതിര്‍വല കുലുക്കി. മറ്റൊരു ഗ്രീക്ക് താരം ജിയാനുവിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഈ സീസണില്‍ കോമ്പോ ഐറ്റമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കൂട്ടുകെട്ടാണ് ജിയാനു-ദിമിത്രിയോസ് ത്രയം.

രണ്ടാം ഗോള്‍ വീണതിനുശേഷം ഗോള്‍പോസ്റ്റിന് കീഴിലും കോച്ച് മാറ്റം കൊണ്ടുവന്നു. സച്ചിന്‍ സുരേഷിന് പകരം കരണ്‍ജിത്തിന് അവസരം നല്‍കി. തൊട്ടുപിന്നാലെ പകരക്കാരിലെ സന്ദീപ്, മോംഗില്‍, ഇവാന്‍, ബിജോയ്, നിഷു, സൗരവ്, ബിദ്യാസാഗര്‍, ആയുഷ് അധികാരി എന്നിവരെ കളത്തിലെത്തിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലന മല്‍സരങ്ങള്‍ കവര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. സീസണ്‍ ടിക്കറ്റെടുത്തവരില്‍ നിന്ന് വളരെ കുറച്ച് ആരാധകര്‍ക്കാണ് പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലെത്തി മല്‍സരം കാണാനുള്ള അനുമതി നല്‍കിയിരുന്നത്. അടുത്തയാഴ്ച്ച കൂടുതല്‍ മല്‍സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നുണ്ട്.

Related Articles

Back to top button