Football

മെസി പരിശീലനത്തിന് എത്തിയില്ല; പരിക്കെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നിലെ സത്യമിതാണ്!

ലോകകപ്പ് ഫൈനലില്‍ ഞായറാഴ്ച്ച ഫ്രാന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് അര്‍ജന്റീന. മറുവശത്ത് ഫ്രാന്‍സും ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. അതേസമയം, ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ മെസിയിലേക്കും അര്‍ജന്റീനയുടെ പരിശീലന സെഷനിലുമാണ്.

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു വാര്‍ത്ത വ്യാഴാഴ്ച്ച ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. മെസി പരിക്ക് മൂലം വ്യാഴാഴ്ച്ചത്തെ പരിശീലനത്തിന് ഗ്രൗണ്ടില്‍ ഇറങ്ങിയില്ലെന്നായിരുന്നു ഇത്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പൊടിപ്പും തൊങ്ങലും വച്ച് പരമാവധി പ്രചരിപ്പിക്കുകയും ചെയ്തു. മെസിയുടെ അസാന്നിധ്യം വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു.

സത്യത്തില്‍ മെസിക്ക് പരിക്കായതു കൊണ്ടല്ല ഗ്രൗണ്ടിലെ പരിശീലനം അദേഹം ഒഴിവാക്കിയതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതിന്റെ കാരണം മറ്റൊന്നാണ്. കോച്ച് ലയണല്‍ സ്‌കലോണിനി തന്റെ സ്‌ക്വാഡിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരുകൂട്ടര്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തും. മറുകൂട്ടര്‍ ആ സമയത്ത് ജിം സെഷനിലായിരിക്കും.

അക്രഡിറ്റേഷനുള്ള മീഡിയയ്ക്ക് 15 മിനിറ്റ് നേരത്തേക്ക് പരിശീലന സെഷന്‍ കവര്‍ ചെയ്യാന്‍ അനുമതി നല്‍കാറുണ്ട്. ജേര്‍ണലിസ്റ്റുകള്‍ പരിശീലന സെഷന്‍ കവര്‍ ചെയ്യാനെത്തിയ സമയം മെസി ഉള്‍പ്പെടെയുള്ള സംഘം ജിം സെഷനിലായിരുന്നു. സ്വഭാവികമായും മെസിയെ ഗ്രൗണ്ടില്‍ പരിശീലനം ചെയ്ത സംഘത്തിനൊപ്പം കണ്ടിരുന്നില്ല.

എയ്ഞ്ചല്‍ ഡിമരിയയും മറ്റ് താരങ്ങളും ഉണ്ടായിട്ടും മെസിയെ കാണാതായതോടെയാണ് പരിക്ക് പറ്റിയെന്ന അഭ്യൂഹം പടര്‍ന്നത്. മെസിക്ക് പരിക്ക് പറ്റിയെന്ന അഭ്യൂഹങ്ങള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തള്ളിക്കളയും ചെയ്തു. ഇല്ല, മെസിക്ക് പരിക്കിന്റെ പ്രശ്‌നങ്ങളില്ല. അദേഹം ഒരു പ്രശ്‌നവും കൂടാതെ കളിക്കുന്നുണ്ടെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കി.

ഞായറാഴ്ച്ച രാത്രിയാണ് ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍ നടക്കുന്നത്. ഫ്രാന്‍സ് ടീമില്‍ മൂന്ന് താരങ്ങള്‍ക്ക് വൈറസ് ബാധയേറ്റെന്ന വാര്‍ത്തകളാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. അതേസമയം, കരീം ബെന്‍സെമ ഫൈനല്‍ കളിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

Related Articles

Back to top button