Cricket

രോഹിത് മാറി ഹാര്‍ദിക് വന്നിട്ടും അര്‍ജുന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ!! രോഷാകുലരായി ആരാധകര്‍

ഏറെ പ്രതീക്ഷകളോടെയാണ് മുംബൈ മാനേജ്‌മെന്റ് ഈ ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത്. പത്തു വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന രോഹിത് ശര്‍മയെ പടിയിറക്കി ഹാര്‍ദിക്കിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും മുംബൈ ആഗ്രഹിച്ചില്ല.

എന്നാല്‍ സീസണില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ടീം. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനോടകം അസ്തമിക്കുകയും ചെയ്തു.

ഇത്രയൊക്കെയായിട്ടും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു അവസരം നല്‍കാത്തതിന്റെ പ്രതിഷേധത്തിലാണ് മുംബൈ ആരാധകര്‍.

സീസണില്‍ ഇനി വെറും രണ്ടു കളികളാണ് മുംബൈയ്ക്കു ബാക്കിയുള്ളത്. പ്ലേഓഫ് സാധ്യതകള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞതിനാല്‍ തന്നെ അര്‍ജുന് ഇനിയെങ്കിലും അവസരം നല്‍കാന്‍ മുംബൈ തയ്യാറാവണമെന്നാണ് ആരാധകരുടെ പറയുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ കളിയില്‍ താരത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ ഹരിയാനയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ അന്‍ഷുല്‍ കംബോജിനു നറുക്കുവീഴുകയായിരുന്നു.

ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റം മല്‍സരം കൂടിയായിരുന്നു ഇത്. മായങ്ക് അഗര്‍വാളിനെ ബൗള്‍ഡാക്കിയ താരം ഒരു ക്യാച്ചുമെടുത്തു.

മുംബൈ ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മ മാറി പകരം ഹാര്‍ദിക് പാണ്ഡ്യ വന്നപ്പോള്‍ അര്‍ജുന്റെ സമയം തെളിയുമെന്നും കൂടുതല്‍ അവസരം ലഭിക്കുമെന്നുമായിരുന്നു ചിലരെങ്കിലും പ്രതീക്ഷിച്ചത്.

മാത്രമല്ല രോഹിതിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയതിനു പിന്നില്‍ ടീമിന്റെ മുഖ്യ ഉപദേശകന്‍ കൂടിയായ സച്ചിനാണെന്നും നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അര്‍ജുനെ രോഹിത് തഴയുന്നതില്‍ സച്ചിന് അതൃപ്തിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഹാര്‍ദിക് പുതിയ ക്യാപ്റ്റനായി വന്നിട്ടും അര്‍ജുന്‍ പുറത്തു തന്നെയാണ്.

ഇന്ത്യയില്‍ കൂണു മുളയ്ക്കുന്നതു പോലെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരും ബൗളര്‍മാരും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഇന്നും ക്ഷാമം നേരിടുന്ന വിഭാഗമാണ് ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍. വേറൊരു നിവൃത്തിയുമില്ലാതെ ട്വന്റി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയെ എടുത്തത് തന്നെ ഉദാഹരണം.

ഈ അവസരത്തിലാണ് അര്‍ജുനെപ്പോലെയുള്ള ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടു വരേണ്ടത്. പക്ഷെ അര്‍ജുനെ മുംബൈ വീണ്ടും വീണ്ടും കണ്ടില്ലെന്നു നടിക്കുകയാണ്.

പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്കെങ്കിലും അര്‍ജുനെ കളിപ്പിക്കൂ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്നു മല്‍സരങ്ങളിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇതുവരെ കളിച്ചിരിക്കുന്നത്.

ഇവയിലൊന്നും നാലോവര്‍ ക്വാട്ട ബൗളിംഗില്‍ പൂര്‍ത്തിയാക്കാന്‍ അര്‍ജുനെ രോഹിത് അനുവദിച്ചിട്ടുമില്ല. ബാറ്റിംഗില്‍ താരത്തെ മുകളിലേക്കു പ്രൊമോട്ട് ചെയ്യാനും തയ്യാറായില്ല.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 2021ലാണ് അവരുടെ ഔദ്യോഗിക താരമായി മാറിയത്.

ലേലത്തില്‍ അര്‍ജുനെ മുംബൈ സ്വന്തമാക്കുകയായിരുന്നു. പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം താരത്തിനു കിട്ടിയില്ല.

2022ലും ടീമിന്റെ ഭാഗമായിരുന്നെങ്കിലും അര്‍ജുന്‍ തഴയപ്പെട്ടു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയോടെയാണ് താരം മുംബൈയ്ക്കൊപ്പം അരങ്ങേറിയത്. നാലു മല്‍സരങ്ങളിലാണ് അര്‍ജുന്‍ പന്തെറിഞ്ഞത്.

59 ബോളില്‍ 84 റണ്‍സ് വിട്ടുകൊടുത്ത താരം മൂന്നു വിക്കറ്റുകളും വീഴ്ത്തി. അതിനു ശേഷം ഒരു മല്‍സരത്തില്‍ പോലും താരത്തെ മുംബൈ കളിപ്പിച്ചിട്ടുമില്ല.

കരിയറില്‍ രക്ഷപ്പെടണമെങ്കില്‍ അര്‍ജുന്‍ മുംബൈ വിടണമെന്നാണ് പലരും പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് അവഗണന നേരിട്ടതിനെത്തുടര്‍ന്ന് അര്‍ജുന്‍ ഗോവയിലേക്ക് കൂടുമാറിയിരുന്നു. ഗോവയ്‌ക്കൊപ്പം ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

വരുന്ന ഐപിഎല്ലില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് മാറിയില്ലെങ്കില്‍ അര്‍ജുന് രക്ഷയുണ്ടാവില്ല.

Related Articles

Back to top button