Sports News

ചെസ് ലോകത്തെ വിസ്മയമായി എട്ടു വയസുകാരന്‍!! ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ചത് അഞ്ച് വമ്പന്മാരെ

ഇതിഹാസ താരം മാഗ്നസ് കാള്‍സന്റെ മേധാവിത്വം ഒരിക്കല്‍ കൂടി കണ്ടു കൊണ്ടാണ് 2023ലെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങിയത്. ഇരു വിഭാഗത്തിലും കാള്‍സണ്‍ കിരീടം നിലനിര്‍ത്തിയപ്പോള്‍ ചില അപ്രതീക്ഷിത താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചു.

അക്കൂട്ടത്തില്‍ ഒന്നാം നമ്പറാണ് റഷ്യയില്‍ നിന്നുള്ള എട്ടു വയസുകാരന്‍ റോമന്‍ ഷോഗ്‌ഴീവ്. ലോക ചെസ് ഒളിമ്പ്യാഡ് ജേതാവ് ഉള്‍പ്പെടെ അഞ്ച് ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണ് ഈ അദ്ഭുത ബാലനു മുമ്പില്‍ കടപുഴകി വീണത്.

ഇതോടൊപ്പം റാപ്പിഡ് വിഭാഗത്തില്‍ 182.4 റേറ്റിംഗ് പോയിന്റും ബ്ലിറ്റ്‌സ് വിഭാഗത്തില്‍ 138.8 റേറ്റിംഗ് പോയിന്റും സ്വന്തമാക്കാന്‍ കുട്ടിത്താരത്തിനായി.

ഒപ്പം റോള്‍ മോഡലായ മാഗ്നസ് കാള്‍സനൊപ്പം നിമിഷങ്ങള്‍ പങ്കിടാനും ആയതോടെ റോമന്‍ ഹാപ്പി. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സാഗര്‍ ഷാ റോമനുമായി അഭിമുഖം നടത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു.

രസകരമായ സംഗതിയെന്തെന്നു വച്ചാല്‍ റോമന് ഇംഗ്ലീഷ് അറിയില്ലെന്നതാണ് അതേപോലെ തന്നെ സാഗറിനാകട്ടെ റഷ്യനും അറിയില്ല. എന്നിരുന്നാലും ‘നൈസ്’ ഇന്റര്‍വ്യൂ ആയിരുന്നുവെന്നാണ് സാഗര്‍ പറയുന്നത്.

എട്ടു വയസിനകം തന്നെ ലോകത്തെ വിസ്മയിപ്പിച്ച താരത്തിന് ഇതിനോടകം ‘ അടുത്ത കാള്‍സണ്‍’ എന്ന വിളിപ്പേര് വീണു കഴിഞ്ഞു. സാക്ഷാല്‍ കാള്‍സന്റെ റെക്കോഡുകള്‍ റോമന്‍ മറികടന്നാലും അദ്ഭുതപ്പെടാനില്ല. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന പദവിയിലേക്കാവും റോമന്റെ അടുത്ത യാത്ര.

നിലവില്‍ 12-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബാലന്‍ അഭിമന്യു മിശ്രയുടെ പേരിലാണ് റെക്കോഡ്. ഇപ്പോള്‍ വെറും എട്ടു വയസു മാത്രം പ്രായമുള്ള റോമന് റെക്കോഡ് തന്റെ പേരിലാക്കാന്‍ ഏറെ സമയമുണ്ട്.

Related Articles

Back to top button