Football

എഎഫ്‌സിയില്‍ ചേരാന്‍ റഷ്യ; പണികിട്ടുക ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്!!

യുവേഫയിലുള്ള അംഗത്വം അവസാനിപ്പിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ ചേരാന്‍ നീക്കം തുടങ്ങി റഷ്യ. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്റെ യോഗം ചേര്‍ന്നിട്ടുണ്ട്. നിലവില്‍ ഫിഫയും യുവേഫയും റഷ്യയെ വിലക്കിയിരിക്കുകയാണ്.

റഷ്യ എഎഫ്‌സിയില്‍ ചേര്‍ന്നാല്‍ അത് ഇന്ത്യ ഉള്‍പ്പെടെ ലോകകപ്പ് യോഗ്യത സ്വപ്‌നം കാണുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. കാരണം, എഎഫ്‌സിയില്‍ ചേര്‍ന്നാല്‍ ഒരു ലോകകപ്പ് സ്ലോട്ട് റഷ്യ കൊണ്ടുപോകും. അങ്ങനെ വരുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രണ്ടാംനിര ടീമുകള്‍ക്ക് യോഗ്യത നേടാനുള്ള ഒരു അവസരം കൂടി കുറയും.

ഒഷ്യാനിയ മേഖലയില്‍ നിന്ന് ഓസ്‌ട്രേലിയ എഎഫ്‌സിയില്‍ ചേര്‍ന്നത് 2006 ല്‍ ആണ്. ഇതിനുശേഷം ഒട്ടുമിക്ക ലോകകപ്പുകളിലും ഓസ്‌ട്രേലിയയ ഏഷ്യയില്‍ നിന്നും ലോകകപ്പ് ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. ശക്തരായ ടീമുകള്‍ ഏഷ്യയിലേക്ക് വരുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താല്‍പര്യം ഹനിക്കുന്നതാണ്.

റഷ്യ ഏഷ്യയിലേക്ക് വരുന്നത് ഭൂമിശാസ്ത്രപരമായി എതിര്‍ക്കാന്‍ ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് സാധിക്കില്ല. കാരണം, റഷ്യയുടെ ഭൂവിസ്തൃതിയുടെ നല്ലൊരു പങ്കും ഏഷ്യ ഭൂഖണ്ഡത്തിലാണെന്നത് തന്നെ കാരണം. അതേസമയം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യയുടെ പ്രവേശനം വൈകിപ്പിക്കാന്‍ സാധിക്കും.

അടുത്ത ലോകകപ്പ് മുതല്‍ ഓസ്‌ട്രേലിയ ഭൂമിശാസ്ത്രപരമായി ഉള്‍പ്പെടുന്ന ഓഷ്യാനിയ മേഖലയ്ക്ക് തനിച്ച് ഒരു ലോകകപ്പ് സ്ലോട്ട് ലഭിക്കും. ടീമുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സ്ലോട്ട് ലഭിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ എഎഫ്‌സിയില്‍ നിന്ന് തിരികെ ഓഷ്യാനിയ യൂണിയനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗും മറ്റ് ക്ലബ് ചാമ്പ്യന്‍ഷിപ്പുകളും ഉള്ളതിനാല്‍ പക്ഷേ ഓസ്‌ട്രേലിയയിലെ ക്ലബുകള്‍ ഈ നീക്കത്തോട് യോജിക്കാന്‍ സാധ്യത തീരെ കുറവാണ്. വരും ആഴ്ച്ചകളില്‍ റഷ്യയുടെ വരവും ഓസ്‌ട്രേലിയയുടെ പടിയിറക്കവും സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

Related Articles

Back to top button