Football

ലോകകപ്പ് വേദികളില്‍ സഞ്ജു ഫാന്‍സിന്റെ മിന്നല്‍ ശക്തിപ്രകടനം; ഞെട്ടി ഫിഫയും!

മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനെ നിരന്തരം അവഗണിക്കുന്നതിനെതിരേ മലയാളി ഫാന്‍സ് രംഗത്തു വന്നതോടെ ഫിഫ ലോകകപ്പിലും പ്രതിഷേധമയം. അപ്രതീക്ഷിതമായിട്ടാണ് സഞ്ജു അനുകൂല ക്യാംപെയ്ന്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദികളില്‍ തുടങ്ങുന്നത്. ഇന്നലെ നടന്ന മൂന്ന് മല്‍സരങ്ങളിലും സഞ്ജുവിന് അനുകൂലമായ ബോര്‍ഡുകള്‍ ഗ്യാലറികളില്‍ ഉയര്‍ന്നു.

ലോകകപ്പ് ഫുട്‌ബോള്‍ വേദികളില്‍ ഒരു ക്രിക്കറ്റ് താരത്തിന് വേണ്ടി ആരാധകര്‍ രംഗത്തു വരുന്നത് തന്നെ ചരിത്രത്തില്‍ ആദ്യമായാണ്. മലയാളികള്‍ നിരവധി പേര്‍ കളി കാണാന്‍ എത്തുന്നതാണ് പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. സഞ്ജുവിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുമായാണ് പലരും കളി കാണാനെത്തുന്നത്. സഞ്ജുവിന് നീതി നല്‍കുക, അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ വാക്കുകളും പോസ്റ്ററുകളിലുണ്ട്.

ആരാധകര്‍ ഒറ്റയ്ക്ക് തുടങ്ങിയ പ്രതിഷേധത്തിന് ഇപ്പോള്‍ സംഘടിത രൂപം കൈവന്നിട്ടുണ്ട്. സഞ്ജുവിനായുള്ള പ്രതിഷേധം ശക്തി പ്രാപിച്ചതോടെ വലിയ മാധ്യമശ്രദ്ധയും ഈ പ്രതിഷേധങ്ങള്‍ക്ക് കൈവന്നിട്ടുണ്ട്. സഞ്ജുവിനായി ഫാന്‍സ് രംഗത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ബിസിസിഐ പ്രതിരോധത്തിലായിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ഇന്നലെ നടന്ന ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ഏവരെയും ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 38 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയ ശേഷമാണ് താരത്തെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കിയത്. ആറാം ബൗളറെ വേണ്ടതിനാലാണ് സഞ്ജുവിന് പകരം ദീപക് ഹൂഡയെ കളിപ്പിച്ചതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വാദം.

അതേസമയം, സഞ്ജുവിനായി നടത്തുന്ന പ്രതിഷേധങ്ങള്‍ താരത്തിന് തിരിച്ചടിയായേക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്. സഞ്ജുവിന് ഈ പ്രതിഷേധങ്ങളില്‍ ഒരു റോളുമില്ലെങ്കിലും താരത്തില്‍ ബോര്‍ഡിന് അപ്രീതി ഉണ്ടാക്കാനേ ആരാധകരുടെ നീക്കം ഉപകരിക്കൂവെന്നാണ് മുന്‍കാല താരങ്ങള്‍ ഉള്‍പ്പെടെ കരുതുന്നത്. അതിനിടെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ലോകകപ്പ് വേദികളില്‍ ഉയര്‍ത്താനാണ് ഒരുകൂട്ടം ആരാധകരുടെ പദ്ധതി.

അടുത്ത ദിവസങ്ങളിലെ മല്‍സരങ്ങളില്‍ സഞ്ജുവിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് ഗ്യാലറികളിലെത്താന്‍ ഒരുകൂട്ടം ഫാന്‍സ് പദ്ധതിയിടുന്നുണ്ട്. ഇതിനായി സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണവും നടക്കുന്നുണ്ട്. പലരും അനുകൂലമായി പ്രതികരിച്ചതോടെ പ്രതിഷേധത്തിന്റെ രീതിയും മാറുന്നുണ്ട്.

Related Articles

Back to top button