Football

മെസി ‘ലോട്ടറി’ അഡിഡാസിന്റെ കട ലോകമെങ്ങും നിമിഷ നേരം കൊണ്ട് കാലി!!

ഒരു മനുഷ്യന്‍ ഒരു കമ്പനിയെ ഇത്ര പെട്ടെന്ന് കോടിശ്വരന്മാരാക്കുമോ? പറഞ്ഞു വരുന്നത് ലയണല്‍ മെസിയുടെയും ലോകോത്തര ബ്രാന്‍ഡായ അഡിഡാസിന്റെയും കാര്യമാണ്. ലോകകപ്പ് ഫൈനലിലേക്ക് അര്‍ജന്റീനയും ലയണല്‍ മെസിയും പാഞ്ഞു കയറിയതോടെ വിശ്രമമില്ലാതെ ആയിരിക്കുന്നത് അഡിഡാസിനാണ്.

അര്‍ജന്റീന ഫുട്‌ബോളിന്റെ ഒഫീഷ്യല്‍ ജേഴ്‌സി പുറത്തിറക്കുന്നത് അഡിഡാസാണ്. അര്‍ജന്റീന ഫൈനല്‍ വരെയെത്തിയതോടെ ലോകമെങ്ങും വില്‍ക്കാന്‍ വച്ച ജേഴ്‌സികളെല്ലാം നിമിഷ നേരം കൊണ്ട് വിറ്റഴിഞ്ഞു. അത് ബ്യൂണേഴ്‌സ് അയേഴ്‌സില്‍ ആയാലും ടോക്കിയോയില്‍ അയാലും എന്തിനേറെ നമ്മുടെ ഇന്ത്യയിലായാലും സമാന അവസ്ഥ തന്നെ.

ടീം ജേഴ്‌സിക്കായി അഡിഡാസിന്റെ ഷോപ്പുകളില്‍ കയറിയിറങ്ങുന്നവര്‍ നിരാശരായി മടങ്ങുകയാണ്. ചിലരാകട്ടെ സൈസ് നോക്കാതെയും ബാക്കിയുള്ളത് വാങ്ങി കൊണ്ടു പോകുന്നു. മെസിയും സംഘവും ഫൈനലിലെത്തിയതാണ് ഡിമാന്റ് ഇത്രമേല്‍ ഉയരാന്‍ കാരണം.

ലോകകപ്പ് പ്രമാണിച്ച് പ്രൊഡക്ഷന്‍ കൂട്ടിയിരുന്നെങ്കിലും ഇത്ര വലിയ ഡിമാന്റ് കമ്പനിയും പ്രതീക്ഷിച്ചിരുന്നില്ല. ആവശ്യത്തിന് ജേഴ്‌സി കിട്ടാനില്ലാതെ വന്നതോടെ ആരാധകര്‍ കമ്പനിക്കെതിരേ തിരിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പലരും ലോക്കല്‍ ജേഴ്‌സികള്‍ വാങ്ങി സംതൃപ്തരാകുകയാണ്.

ലോകമെങ്ങും മെസി തരംഗം ആഞ്ഞടിക്കുകയാണെന്നാണ് അഡിഡാസ് പറയുന്നത്. ലോകകപ്പ് ജയിച്ചാല്‍ ജേഴ്‌സി ഡിമാന്റ് ഉയരുമെന്ന് ഉറപ്പായതോടെ 24 മണിക്കുറൂം തുറന്ന് ജേഴ്‌സികള്‍ നിര്‍മിക്കുകയാണ് കമ്പനി. ഇതിനായി ജീവനക്കാരുടെ അവധി ഉള്‍പ്പെടെ എടുത്തു കളഞ്ഞു.

ലോകകപ്പ് ഫൈനല്‍ ജയിച്ചാല്‍ പുറത്തിറക്കേണ്ട ജേഴ്‌സികളുടെ നിര്‍മാണവും അതിവേഗം നടക്കുന്നുണ്ട്. പുതിയ ബാച്ച് ജേഴ്‌സികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഷോപ്പുകളില്‍ എത്തിക്കുമെന്നും കമ്പനി പറയുന്നു.

Related Articles

Back to top button