FootballISL

ചുവപ്പ് ചോദിച്ചുവാങ്ങി രാഹുല്‍; അടുത്ത കളിയിലും പുറത്ത്!

എടികെ മോഹന്‍ ബഗാനെതിരായ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കെപി രാഹുല്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്ത്. കളിയുടെ 64 മത്തെ മിനിറ്റില്‍ എടികെയുടെ മലയാളിതാരം ആഷിഖ് കുരുണിയനെ അപകടകരമായി ഫൗള്‍ ചെയ്തതിനാണ് രാഹുലിന് രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി ചുവപ്പുകാര്‍ഡും വാങ്ങിയത്.

ഈ കാര്‍ഡോടെ അടുത്ത മല്‍സരത്തിലും രാഹുലിന് പുറത്തിരിക്കേണ്ടി വരും. ഹൈദരാബാദിനെതിരേ സ്വന്തം തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് അടുത്ത മല്‍സരം. നിര്‍ണായക സമയങ്ങളില്‍ ടീമിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള രാഹുലിന്റെ അനാവശ്യ ഫൗളുകള്‍ ഈ സീസണില്‍ പലതവണ കണ്ടിരുന്നു.

കൊച്ചിയില്‍ കളിക്കുമ്പോള്‍ പലപ്പോഴും അമിത ആവേശത്തില്‍ കളിക്കുന്ന രാഹുല്‍ എതിരാളികളെ അനാവശ്യമായി ഫൗള്‍ ചെയ്യുന്നതും അതുവഴി മഞ്ഞക്കാര്‍ഡ് വാങ്ങുന്നതും ഈ സീസണിലെ നിത്യസംഭവമായി മാറിയിട്ടുണ്ട്.

കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പലവട്ടം രാഹുലിന് ടീം മീറ്റിംഗില്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വുക്കുമനോവിച്ച് ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയതു മുതല്‍ രാഹുല്‍ അദേഹത്തിന്റെ പ്രിയ ശിഷ്യരില്‍ ഒരാളാണ്. എന്നാല്‍ അനാവശ്യമായി ടീമിനെ പ്രതിസന്ധിയിലാക്കുന്ന രീതി വുക്കുമനോവിച്ചിനെയും സന്തോഷിപ്പിക്കില്ല.

Related Articles

Back to top button