Football

കളിക്കാരെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടിലയച്ച് ജര്‍മനി; പത്രസമ്മേളനത്തിന് കളിക്കാരില്ല! പണികിട്ടി

ലോകകപ്പില്‍ നില്‍ക്കണോ പോകണോയെന്ന് നിശ്ചയമില്ലാത്ത ജര്‍മന്‍ ടീം തൊടുന്നതെല്ലാം ഇത്തവണ വിവാദമാകുകയാണ്. ആദ്യം ലവ് ബാന്‍ഡ് ധരിക്കാനുള്ള തീരുമാനവും ഫോട്ടോസെഷനില്‍ മുഖത്ത് കൈവച്ച് പ്രതിഷേധിക്കലുമായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്. എന്നാലിപ്പോള്‍ കളിക്കാരുടെ ചില നീക്കങ്ങളാണ് പ്രശ്‌നത്തിന് കാരണം.

ജര്‍മന്‍ താരങ്ങള്‍ക്ക് മല്‍സരങ്ങള്‍ക്കിടെ ഭാര്യമാരുമായി റിസോര്‍ട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോള്‍ വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ടീം ഹോട്ടലില്‍ നിന്ന് മാറിയൊരു റിസോര്‍ട്ടിലാണ് ടീം അംഗങ്ങളും അവരുടെ ഭാര്യമാരും ഗേള്‍ഫ്രണ്ട്‌സും താമസിക്കുന്നത്. ജപ്പാനെതിരായ നിര്‍ണായക മല്‍സരത്തിന് ഒരുങ്ങുന്നതിന് മുമ്പ് മാനസിക ആരോഗ്യം വീണ്ടെടുക്കാനാണ് ഗേള്‍ഫ്രണ്ട്‌സിന്റെ അരികിലേക്ക് താരങ്ങളെ അയച്ചിരിക്കുന്നത്.

രണ്ട് രാത്രി പെണ്‍സുഹൃത്തുക്കള്‍ക്കും ഭാര്യമാര്‍ക്കുമൊപ്പം കളിക്കാര്‍ക്ക് തങ്ങാം. അതേസമയം, ഭാര്യമാര്‍ക്കൊപ്പം എത്തിയതോടെ കളിക്കാര്‍ കളിയെപ്പറ്റി പോലും മറന്നതായ വിമര്‍ശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കളിക്കു മുമ്പുള്ള പത്രസമ്മേളനത്തില്‍ ഒരൊറ്റ ജര്‍മന്‍ താരം പോലും പങ്കെടുത്തില്ല. ഫിഫ നിയമത്തിന് വിരുദ്ധമാണിത്.

ഫിഫ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴശിക്ഷ വിധിക്കുകയും ചെയ്തു. ദിവസവാടക 5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വരുന്ന റിസോര്‍ട്ടിലാണ് കളിക്കാരും ഭാര്യമാരും രണ്ടു ദിവസമായി തങ്ങുന്നത്. ഇതിന്റെ വാടക അടയ്ക്കുന്നതും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ്. തങ്ങളുടെ കളിക്കാരുടെ മാനസി ആരോഗ്യമാണ് വലുതെന്ന നിലപാടിലാണ് അവര്‍.

ഈ ലോകകപ്പില്‍ വളരെ മോശം ഫോമിലാണ് ജര്‍മനി കളിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ ഇതുവരെ ലോകകപ്പില്‍ നിന്ന് പുറത്താകാതിരുന്നത്. ജപ്പാനോട് തോറ്റും സ്‌പെയിനിനോട് സമനില വഴങ്ങിയും വഴി ഒരു പോയിന്റാണ് അവരുടെ സമ്പാദ്യം. എന്നാല്‍ അവസാന മല്‍സരത്തില്‍ കോസ്റ്ററിക്കയോട് ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടറില്‍ എത്താനായേക്കും, ജപ്പാന്റെ മല്‍സരഫലം കൂടി അനുകൂലമായാല്‍.

Related Articles

Back to top button