Football

സീറ്റിനേക്കാള്‍ കൂടുതല്‍ കാണികളോ? ഒടുവില്‍ ഫിഫ തിരുത്തി!!

ഖത്തര്‍ ലോകകപ്പില്‍ കാണികളുടെ പങ്കാളിത്ത കാര്യത്തില്‍ ആദ്യ ദിവസം മുതല്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവില്‍ പരിഹാരം. ഫിഫ നല്‍കിയ സ്റ്റേഡിയം കപ്പാസിറ്റി കണക്കും ഖത്തര്‍ പുറത്തുവിടുന്ന കാണികളുടെ കണക്കും തമ്മില്‍ അന്തരമുണ്ടായിരുന്നു. ഇതാണ് ലോകകപ്പ് തുടങ്ങി മൂന്നാം ദിവസം തിരുത്തിയത്.

അല്‍ ബയത്ത് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ സംഘാടകര്‍ പുറത്തു വിട്ട കാണികളുടെ എണ്ണം 67,372 ആയിരുന്നു. ഫിഫ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 60,000 മാത്രവും. സ്‌റ്റേഡിയം കപ്പാസിറ്റിയേക്കാള്‍ എങ്ങനെ ആളുകള്‍ ഉള്‍ക്കൊള്ളപ്പെടുമെന്ന ചോദ്യം ആദ്യ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ഇക്വഡോര്‍-ഖത്തര്‍ മല്‍സരത്തിനു മാത്രമായിരുന്നില്ല ഈ പ്രശ്‌നം.

മറ്റ് മല്‍സരങ്ങള്‍ക്കും ഈ വ്യത്യാസം വന്നതോടെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. ഇതോടെയാണ് ഫിഫ വെബ്‌സൈറ്റില്‍ തിരുത്തല്‍ വരുത്തിയത്. ഇതോടെ ആദ്യ മല്‍സരം നടന്ന അല്‍ ബയത്തിലെ കപ്പാസിറ്റി 68,895 ആക്കി മാറ്റി ഫിഫ. ഇറാനെ 6-2ന് ഇംഗ്ലണ്ട് വീഴ്ത്തിയ മല്‍സരത്തില്‍ 45,334 പേര്‍ സ്റ്റേഡിയത്തിലെത്തി. ആദ്യം ഈ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 40,000 എന്നായിരുന്നു ഫിഫയുടെ കണക്കില്‍. പിന്നീട് ഈ സ്റ്റേഡിയത്തിലെ കപ്പാസിറ്റി 45,857 ആയതായി ഫിഫ തിരുത്തി.

അതേസമയം, പല മല്‍സരങ്ങളിലും സ്റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് വലിയ ചോദ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും ഗ്യാലറി നിറയാത്തത് ഫിഫയ്ക്കും നാണക്കേടായിട്ടുണ്ട്. അര്‍ജന്റീന-സൗദി അറേബ്യ മല്‍സരത്തില്‍ ആണ് ഇതുവരെ റിക്കാര്‍ഡ് ആരാധകര്‍ ഒഴുകിയെത്തിയത്, 88,012.

Related Articles

Back to top button