FootballISL

ഐഎസ്എല്ലില്‍ വീണ്ടും ബയോബബിള്‍? നിര്‍ണായക തീരുമാനം വരുന്നു!!

ലോകമെങ്ങും കോവിഡ് കേസുകള്‍ വീണ്ടും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെ പല രാജ്യങ്ങളും നിയന്ത്രണവുമായി രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുകയും വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ഭീഷണി കായികലോകത്തേക്കും പടര്‍ന്നിട്ടുണ്ട്. വിവിധ രാജ്യാന്തര, ലീഗ് മല്‍സരങ്ങളുടെ സംഘാടകര്‍ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതി വിലയിരുത്താന്‍ യോഗം ചേരുന്നുണ്ട്. ഐഎസ്എല്‍, ഐലീഗ് മല്‍സരങ്ങള്‍ പാതിഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നതോടെ ലീഗ് നടത്തിപ്പിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും എന്നപോലെ കോവിഡ് ബയോബബിളില്‍ ലീഗ് നടത്തേണ്ടി വരുമോയെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഐഎസ്എല്‍ സംഘാടകരുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്.

ബയോ ബബിളിലേക്ക് മാറേണ്ടി വരുമോയെന്ന കാര്യത്തില്‍ തീരുമാനം ഈ യോഗത്തില്‍ കൈക്കൊണ്ടേക്കും. ലീഗ് പാതിവഴിയില്‍ നില്‍ക്കേ ബയോബബിളിലേക്ക് മാറേണ്ടി വരുന്നത് സംഘാടകര്‍ക്കും ടീമുകള്‍ക്കും വലിയതോതില്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.

ഇത്തവണ ബയോബബിളിലേക്ക് മാറേണ്ടി വന്നാലും ഒരൊറ്റ സംസ്ഥാനത്ത് മാത്രമായി മല്‍സരങ്ങള്‍ നടത്തുന്നത് എളുപ്പമാകില്ല. ഗ്രൗണ്ടുകളുടെ ലഭ്യത തന്നെയാണ് കാരണം. ഇതിനു പകരം മൂന്നോ നാലോ വേദികളിലായി മല്‍സരങ്ങള്‍ നടത്തുകയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

ചൈനയില്‍ പടര്‍ന്നു പിടിക്കുന്നതു പോലെ ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ആശ്വാസം സംഘാടകര്‍ക്കുമുണ്ട്. എന്നിരുന്നാല്‍ തന്നെയും പ്ലാന്‍ ബി ആവിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും.

Related Articles

Back to top button