Football

ക്രിക്കറ്റില്‍ നിന്ന് ഐഡിയ കടമെടുത്ത് ഫുട്‌ബോള്‍ ലോകകപ്പ്; പക്ഷേ ടീമുകള്‍ക്ക് തിരിച്ചടി!!

ഐസിസി ക്രിക്കറ്റില്‍ പരീക്ഷിച്ച് വിജയിച്ച കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം ഫിഫ ലോകകപ്പിലും അരങ്ങേറി. ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയറന്‍വാന്‍ഡ് ആണ് ഇത്തരത്തില്‍ മാറ്റപ്പെട്ട ആദ്യ താരം. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ചാണ് അലിറേസയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കുറച്ചധിക സമയം കളി തടസപ്പെട്ടിരുന്നു. പിന്നീടും അലിറേസ കളത്തില്‍ തുടര്‍ന്നെങ്കിലും കുറച്ചു മിനിറ്റിനു ശേഷം കണ്‍കഷന്‍ നിയമപ്രകാരം മടങ്ങുകയായിരുന്നു.

പുതിയ കണ്‍കഷന്‍ നിയമം ഫുട്‌ബോളില്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് തോന്നുമെങ്കിലും തിരിച്ചാണ് യാഥാര്‍ത്ഥ്യം. ഗുരുതരമായി പരിക്കേല്‍ക്കുന്ന താരത്തെ ടീമുകള്‍ക്ക് പിന്‍വലിക്കാം. ഇതു പകരക്കാരുടെ ലിസ്റ്റില്‍ കൂട്ടില്ല. മല്‍സരത്തില്‍ ഒരു മാറ്റം ഇത്തരത്തില്‍ നടത്താം. സബ്സ്റ്റിറ്റിയൂഷനില്‍ പെടുത്തില്ലാത്തതിനാല്‍ ടീമിന്റെ തന്ത്രങ്ങളെ ബാധിക്കില്ല.

എന്നാല്‍ കണ്‍കഷന്‍ നിയമത്തില്‍ മറ്റൊരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് വഴി പുറത്തു പോകുന്ന താരത്തിന് അടുത്ത പത്തു ദിവസത്തേക്ക് കളത്തിലിറങ്ങാന്‍ പറ്റില്ല. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ മല്‍സരം പോലും കളിക്കാന്‍ സാധിക്കില്ല. ടീം രണ്ടാം റൗണ്ടില്‍ കയറില്ലെന്ന് ഉറപ്പായതിനാല്‍ താരത്തിന്റെ ലോകകപ്പ് ഏകദേശം അവസാനിച്ച മട്ടാണ്.

ക്രിക്കറ്റിലെ കണ്‍കഷന്‍ നിയമം കുറച്ചുകൂടി കളിക്കാരെ സന്തോഷിപ്പിക്കുന്നതാണ്. പരിക്കേല്‍ക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് ക്രിക്കറ്റിലെ നിയമം. മാത്രമല്ല പത്തു ദിവസം കളിക്കാതെ ഇരിക്കണമെന്ന നിയമവും ഇല്ല.

ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും കളിപ്പിക്കാന്‍ കഴിയും. തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകം. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും.

2014-ല്‍ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഓസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് തലയില്‍ ഏല്‍ക്കുന്ന പരിക്കുകള്‍ കൂടുതല്‍ ഗൗരവമായി കാണുന്നതിനുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായത്. 2016-17 സീസണ്‍ മുതല്‍ ബിഗ്ബാഷ് ലീഗിലും ആഭ്യന്തര ഏകദിന മത്സരങ്ങളിലും ഓസ്ട്രേലിയ ഈ രീതി നടപ്പിലാക്കിയിരുന്നു. 2017-ലാണ് ഐസിസി ഇതിന് അംഗീകാരം നല്‍കിയത്.

Related Articles

Back to top button