Football

സൂപ്പര്‍ താരങ്ങളെ മിക്‌സഡ് സോണില്‍ കൂടിക്കാഴ്ച്ച നടത്തിയ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുടെ അനുഭവക്കുറിപ്പുകള്‍!

ജീവിതം എന്നത് ആകസ്മികമായ സംഭവങ്ങള്‍ കൂടിച്ചേരുന്ന കഥയാണ്. അവിടെ വലിയ ട്വിസ്റ്റും ടേണുമൊക്ക ധാരാളമുണ്ടാകും. 1998 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട രാത്രിയില്‍ തലയിണയ്ക്കിടയില്‍ വിതുമ്പിയ ബാല്യം. ഫൈനലിനു തലേന്ന് സമ്മര്‍ദം താങ്ങാനാവാതെ റൊണാള്‍ഡോ അപസ്മാരലക്ഷണങ്ങള്‍ കാണിച്ചുവെന്ന മാതൃഭൂമി വാര്‍ത്ത വലിയ ഞെട്ടലോടെ വായിച്ച ഓര്‍മ ഇന്നും തെളിമയോടെ മനസിലുണ്ട്. കാലമൊരുപാട് കഴിഞ്ഞു.

വെള്ളിയേപ്പള്ളിയിലെ വയലില്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചു നടന്ന, കളിയുള്ള ദിനങ്ങളില്‍ കനത്ത ഇടിയിലും മഴയിലും കറന്റ് പോകുമ്പോള്‍ കറന്റ് വരാന്‍ ആണ്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ കാണിക്കയിട്ട് പ്രാര്‍ഥിച്ചിരുന്ന ഒരാള്‍ക്ക് ആരാധിക്കുന്ന താരങ്ങളെ നേരില്‍ കാണാനാകുമെന്നും സംസാരിക്കാന്‍ സാധിക്കുമെന്നുമൊക്കെ ചിന്തിക്കുന്നതു തന്നെ സ്വപ്നമാണ്.

അത്തരത്തിലെ ഏറ്റവും ആകസ്മികവും, ഒരുപക്ഷേ ഇനി ഒരിക്കലും സാധ്യതയില്ലാത്തതുമായ കൂടിക്കാഴ്ചകള്‍ക്കാണ് അറബിക്കഥകളുടെ നാട് വേദിയൊരുക്കിയത്. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നാള്‍മുതല്‍ ആകസ്മികതകള്‍ കൂടെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദിനങ്ങളാണ് കൊഴിഞ്ഞു വീണത്.

മെസിക്കൊപ്പം മുഖാമുഖം

വേദി ലുസൈല്‍ സ്റ്റേഡിയത്തിലെ മിക്സഡ് സോണ്‍. ആ വലിയ ചെറിയ മുനുഷ്യന്‍ മുഖം കുനിച്ചു വരുന്നതു കാണാനായിരുന്നില്ല യഥാര്‍ഥത്തില്‍ അവിടെ നിര്‍നിമേഷനായി കാത്തുനിന്നത്. സൗദി അറേബ്യക്കെതിരേ ദയനീയമായി പരാജയപ്പെട്ട ശേഷം ലയണല്‍ മെസിയും കൂട്ടരും ഓരോരുത്തരായി മിക്സഡ് സോണിലേക്ക്. ആരും തന്നെ സംസാരിക്കാന്‍ മുതിരാതെ നടന്നു നീങ്ങി.

അപ്രതീക്ഷിതമായി പരാജയപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു കളിക്കാര്‍. കൂട്ടത്തില്‍ ലൗത്താരോ മാര്‍ട്ടിനെസ് അല്പനേരം സംസാരിച്ച് ഫോട്ടോയെടുക്കാനുള്ള അവസരവും നല്‍കി മടങ്ങി. പിന്നാലെ ഡി മിരിയയും ഒട്ടാമെന്‍ഡിയും ഡി പോളുമൊക്കെ നടന്നു. ഏറ്റവും ഒടുവിലായി സാക്ഷാല്‍ മെസി. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ മെസിയുടെ ഒരു വാക്കു കേള്‍ക്കാന്‍ ക്യാമറകളും മറ്റുമായി നിരന്നു.

എത്രയോ വിജയങ്ങളുടെ വിശാലലോകത്ത് പന്തുതട്ടി വീരേതിഹാസം രചിച്ച താരമാണ് കണ്‍മുന്നില്‍ നില്‍ക്കുന്നതെന്നത് വിശ്വസിക്കാനായില്ല. കോപ്പ അമേരിക്കയില്‍ ചിലിയോടു പരാജയപ്പെട്ട ശേഷം മൈതാനത്തിരുന്നു കരയുന്ന മെസിയുടെ ചിത്രമായിരുന്നു അപ്പോള്‍ മനസില്‍. ഇവിടെ സമചിത്തതയോടെ ചോദ്യങ്ങളോട് പ്രതികരിച്ച് മെസി നടന്നു നീങ്ങി, വരും മത്സരങ്ങളില്‍ വിജയിച്ച് തിരിച്ചുവരുമെന്ന വാഗ്ദാനത്തോടെ.

സൗദി അറേബ്യക്കെതിരായ മത്സരത്തിലെ പരാജയവും അതുനല്‍കുന്ന താത്കാലികമായ നിരാശയുടെയും ഒക്കെ അപ്പുറത്ത് ലോകം എത്രയോ കാലമായി കൊണ്ടാടുന്ന ഒരു മനുഷ്യനെ നേരില്‍ കണ്ട് ആ വാക്കുകള്‍ കേള്‍ക്കാന്‍ സാധിച്ചു എന്നത് വലിയ സൗഭാഗ്യമായി കരുതുന്നു.

എംബാപ്പെ കൂളാണ്!

ഒരുപക്ഷേ ഒരു ലോട്ടറി അടിക്കുന്നതിനേക്കാളേറെ ഭാഗ്യം വേണം മിക്‌സഡ് സോണ്‍ പാസ് ലഭിക്കാന്‍. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മിക്‌സഡ് സോണ്‍ പാസ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അല്‍ജുനൂബ് സ്റ്റേഡിയത്തിലെ മിക്‌സഡ് സോണിലേക്കെത്തിയത്. ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്്, ഇറ്റാലിയന്‍, ചൈനീസ്, സ്പാനിഷ്, ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരുടെ വലിയ തിക്കിലും തിരക്കിനുമിടയില്‍ ഒരു ഇടം ലഭിച്ചു. ഇന്ത്യയില്‍നിന്നു മറ്റുള്ള മാധ്യമപ്രവര്‍ത്തകര്‍ വേറെ ഉണ്ടോ എന്നു പോലും സംശയം.

ഓസ്ട്രേലിയയ്ക്കെതിരേ മിന്നും വിജയം കുറിച്ച ഫ്രാന്‍സിന്റെ നക്ഷത്രങ്ങള്‍ ഓരോരുത്തരായി നടന്നെത്തി. സോക്കറൂസിനെതിരേ സമനിലഗോള്‍ സ്വന്തമാക്കിയ അഡ്രിയെന്‍ റബിയോ ആയിരുന്നു ആദ്യമെത്തിയത്. വലിയ സന്തോഷത്തിലെങ്കിലും അതില്‍ മതിമറക്കാതെ സമചിത്തതയോടെയുള്ള പെരുമാറ്റം. ഫ്രഞ്ചിലായിരുന്നു സംസാരം. അവിടെനിന്നിരുന്ന പരിഭാഷക സഹായത്തിനെത്തി. മികച്ച പ്രകടനത്തിലൂടെ കളം നിറഞ്ഞ അന്റോയ്ന്‍ ഗ്രീസ്മാന്റെ വരവായിരുന്നു പിന്നാലെ. അദ്ദേഹവും നിറഞ്ഞ പുഞ്ചിരിയോടെ ഏവരോടും സംസാരിച്ചു നടന്നു നീങ്ങി.

ബെന്‍സേമയ്ക്കു പകരം ആദ്യ ഇലവനില്‍ ഇടം നേടി വിസ്മയ പ്രകടനവുമായി കളം നിറഞ്ഞ ഒളിവിയേ ജിരൂവിന്റെ വരവായിരുന്നു അടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ചുറ്റം വളഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ ഉത്തരം പറയുന്നതിനിടെയാണ് ആ മത്സരത്തിലെ താരം നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത് മറ്റാരുമല്ല, സാക്ഷാല്‍ എംബാപ്പെ. പിഎസ്ജിയുടെ ആക്രമണങ്ങളുടെ കുന്തമന. ഈ ലോകകപ്പിലെ മികച്ച താരമാകാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന കൗമാരക്കാരന്‍. ഹായ് ഗയ്‌സ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് എംബാപ്പെ വന്നത്.

നിറഞ്ഞ ചിരിയായില്‍ എംബാപ്പെയുടെ മുഖത്തിനു നല്ല തിളക്കം. മാധ്യമങ്ങളോടു സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ പട്ടികയില്‍ എംബാപ്പെ ഇല്ലാതിരുന്നതു കൊണ്ടുതന്നെ അതിനാരും മുതിര്‍ന്നുമില്ല. എന്നാല്‍, അദ്ദേഹത്തെ നേരില്‍ മുഖത്തോടുമുഖം കാണാനുള്ള അവസരം കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നു
മനസിലാക്കിക്കൊണ്ടു തന്നെ അദ്ദേഹത്തെ വിഷ് ചെയ്യാനും ചേര്‍ന്നുനിന്ന് ചിത്രമെടുക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തിയില്ല.

വളരെ സ്‌നേഹത്തോടെ താരപ്പകിട്ടിന്റെ ഹുങ്കാരമോ ഏതുമില്ലാതെ എംബാപ്പെ ചേര്‍ന്നുനിന്നു. സെല്‍ഫിയുമെടുത്തു. നാം കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ജാഡക്കാരന്‍ പയ്യനല്ല, എംബാപ്പെ. വളരെ സ്‌നേഹത്തോടെ പെരുമാറുന്ന നല്ല മനുഷ്യന്‍, ഇടപെടുന്നവരെ തന്നിലേക്കടുപ്പിക്കുന്ന കാന്തവലയത്തിനുടമ. അതൊക്കെയായാണ് എംബാപ്പെയെ അനുഭവപ്പെട്ടത്. പിന്നാലെ ഒളിവിയെ ഗിരൂവിനെയും കണ്ട് സംസാരിച്ച സന്തോഷത്തില്‍ അല്‍ ജുനൂബ് സ്റ്റേഡിയം വിടമ്പോള്‍ പുലര്‍വെട്ടം വീണിരുന്നു.

ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം

ചെറുപ്പം മുതല്‍ ആരാധിച്ച ബ്രസീലിയന്‍ ടീം. പതിറ്റാണ്ടുകളായി ആ ടീമിനെ പിന്തുടരുന്നുണ്ട്. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം ദീപികയിലൂടെ ലഭിച്ചെങ്കിലും താരങ്ങളെ വളരെയടുത്തു നിന്നു കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഖത്തര്‍ ആസ്വപ്നവും സാര്‍ഥകമാക്കി.
ബ്രസീലിന്റെ ഒരു മത്സരത്തിന് മിക്സഡ് സോണ്‍ എന്‍ട്രി ലഭിച്ച സന്തോഷത്തിലായിരുന്നു, ലുസൈലിലെത്തിയത്. എന്നാല്‍, മത്സരം അവസാനിച്ചപ്പോള്‍ നെയ്മറുടെ പരുക്കിന്റെ കാഠിന്യം എത്രത്തോളമെന്നറിയുന്നതിലേക്കു ചുരുങ്ങുകയായിരുന്നു മനസ്.

ആശങ്കകളുമായി മിക്സഡ് സോണില്‍ നിരവധി മാധ്യമപ്രവര്‍ത്തര്‍. അവര്‍ക്കാര്‍ക്കും തന്നെ മറ്റു വിവരങ്ങളായിരുന്നില്ല അറിയേണ്ടത്. നെയ്മറുടെ പരിക്ക് അപ്ഡേറ്റ്സ് തന്നെ. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ഒരു ടീമിലെ മുഖ്യതാരം പരുക്കേറ്റ് പിന്‍മാറേണ്ടി വരുമ്പോഴുണ്ടാകുന്ന തിരിച്ചടി വളരെ വലുതാണല്ലോ. നെയ്മറുടെ വരവിനായി ഏവരും കാത്തിരുന്നു, അതിനിടെ, സെര്‍ബിയന്‍ താരങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചു മടങ്ങി. പിന്നാലെ ബ്രസീലിയന്‍ താരങ്ങള്‍ ഓരോരുത്തരായ കടന്നുപോയി.

ആദ്യം വന്നത് യുവതാരം ഫ്രെഡ്. പിന്നാലെ റിക്കാര്‍ഡോയും ഡാനി ആല്‍വ്സും ഫാബിഞ്ഞോയും റഫീഞ്ഞയും വന്നുപോയി. അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്തു. മത്സരത്തിലെ രണ്ടുഗോളുകള്‍ക്ക് വഴിതെളിച്ച വിനീഷ്യസിന്റെ വരവായിരുന്നു പിന്നീട്. ആരോടും അധികം സംസാരിച്ചില്ലെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്ത് അദ്ദേഹവും നടന്നു നീങ്ങി. ടീമിന്റെ നായകന്‍ തിയാഗോ സില്‍വ മാധ്യമങ്ങളോട് ദീര്‍ഘനേരം സംസാരിച്ചു. ഇതിനിടെ നെയ്മറുടെ പരുക്കിന്റെ പുതിയ വിവരങ്ങള്‍ വന്നു. കാല്‍ക്കുഴയ്ക്കുള്ള നെയ്മറുടെ പരുക്ക് എത്രത്തോളം ഗുരുതരമെന്നറിയണമെങ്കില്‍ 48 മണിക്കൂര്‍ കഴിയണമെന്ന് ടീം ഡോക്ടര്‍ അറിയിച്ചിരിക്കുന്നു.

അടുത്ത മത്സരമാകുമ്പോഴേക്കും എല്ലാം ശരിയാകുമെന്ന പ്രതീക്ഷാനിര്‍ഭരമായ വാക്കുകളായിരുന്നു ആശാന്‍ ടിറ്റെ പങ്കുവച്ചത്. വാര്‍ത്ത പരന്നതിനു പിന്നാലെ മുടന്തി മുടന്തി നെയ്മര്‍ മിക്സഡ് സോണിലേക്ക്. ആരുംതന്നെ അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. നെയ്മറുടെ മുഖം മ്ലാനമായിരുന്നു. കാര്യമായി ആരുടെയും മുഖത്തേക്കുനോക്കാതെ തല കുനിച്ചു നടന്നു.

സ്‌കാന്‍ ചെയ്തതിനു ശേഷം മാത്രമേ പരുക്ക് ഗുരുതരമാണോ എന്നറിയാന്‍ സാധിക്കൂ എന്ന് ആരൊക്കെ പറയുന്നതുകേട്ടു. എന്തായാലും മുടന്തി മുടന്തി നടക്കുന്ന നെയ്മര്‍ കാഴ്ച അത്ര വിഷമിപ്പിക്കുന്നതായിരുന്നു. നെയ്മര്‍ അടുത്ത രണ്ടു മത്സരങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവിലും ലോകമേറെ ആരാധിക്കുന്ന താരങ്ങളെ നേരില്‍ക്കണ്ട് സംസാരിക്കാനായി എന്ന സന്തോഷവുമായി ലുസൈലിലെ വിശാലമായ മിക്‌സഡ് സോണ്‍ വിട്ടു.

Related Articles

Back to top button