Football

സെനഗലിന്റെ തൊപ്പിയാശാന്‍ സംഭവമാ! അന്ന് ക്യാപ്റ്റനായി വഴികാട്ടി, ഇന്ന് കോച്ചായും!

സെനഗല്‍ എന്ന രാജ്യം ഫിഫ ലോകകപ്പില്‍ വെറും രണ്ട് തവണ മാത്രമാണ് പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുള്ളൂ. 2002ലും 2022 ലും. എന്നാല്‍ ആ രണ്ടു തവണയ്ക്കും ഒരു പ്രത്യകയുണ്ട്. രണ്ട് തവണയും അലിയു സീസെ ആ ടീമില്‍ ഉണ്ടായിരുന്നു. 2002ല്‍ സീസെ ക്യാപ്റ്റന്റെ റോളിലായിരുന്നു.

ഇത്തവണ സൈഡ് ലൈനില്‍ ബനിയനും ജാക്കറ്റും പിന്നൊരു തൊപ്പിയുമെല്ലാം വച്ച് ഫ്രീക്കനായി കോച്ചെന്ന നിലയില്‍ സീസെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിക്ക മാധ്യമങ്ങളിലും സീസെയുടെ ഫ്രീക്കന്‍ സ്റ്റൈല്‍ വാര്‍ത്തയായി. കളിക്കാരനായും കോച്ചായും ജയിച്ച ആദ്യ ആഫ്രിക്കാന് താരമെന്ന റിക്കാര്‍ഡും സീസെയും തേടിയെത്തി ഈ ലോകകപ്പോടെ.

അലിയു സീസെ 2002 ലോകകപ്പില്‍ സെനഗല്‍ ജേഴ്‌സിയില്‍

അലിയു സീസെയെന്ന സെനഗല്‍ പരിശീലകന്‍ മൈതാനത്ത് സന്തോഷത്തോടെ നില്‍ക്കുന്നത് ഉള്ളു നിറയുന്ന ദു:ഖത്തോടെയാകും. അദേഹത്തിന്റെ 11 കുടുംബാംഗങ്ങള്‍ ഒരു ബോട്ട് അപകടത്തില്‍ മരിച്ചിരുന്നു. ആ വേദനയും ഉള്ളിലടക്കിയാണ് സീസെ ലോകകപ്പിന് എത്തുന്നതും രാജ്യത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും.

തന്റെ ബന്ധുക്കളെ നഷ്ടമായ ഫെറി ദുരന്തം നടന്ന ബോട്ടിലേക്ക് താന്‍ എത്രവട്ടം നോക്കിയിട്ടുണ്ടെന്ന് തനിക്കു പോലും അറിയില്ലെന്ന് സീസെ പറയും. ജീവിതത്തില്‍ മരവിച്ചു പോയ നിമിഷമാണത്. മറ്റെന്തിനേക്കാളും ജീവിതത്തില്‍ വലുത് പ്രിയപ്പെട്ടവരാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും നിറകണ്ണുകളോടെ സീസെ പറയുന്നു.

500 പേര്‍ക്ക് കേറാവുന്ന ബോട്ടില്‍ അധികൃതര്‍ 1800ലേറെ പേരെ തിക്കിതിരക്കി കയറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടികള്‍ അടക്കം 450ലേറെ പേര്‍ ആ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഓരോ മല്‍സരശേഷവും ആകാശത്തേക്ക് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചാണ് സീസെ ഗ്രൗണ്ട് വിടുന്നത്.

Related Articles

Back to top button