Football

സെനഗല്‍ നായകന്റെ ആംബാന്‍ഡിലെ ’19’ ന് ഫിഫയുടെ മഞ്ഞക്കാര്‍ഡല്ല, സ്‌നേഹക്കാര്‍ഡ്!

ഇക്വഡോറിനെതിരായ നിര്‍ണായക മല്‍സരത്തില്‍ സെനഗല്‍ ക്യാപ്റ്റന്‍ കളിഡു കൗലിബാലി കൈയിലെ ആംബാന്‍ഡ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്വവര്‍ഗ രതിക്കാര്‍ക്കുള്ള പിന്തുണ കൊണ്ട് ഷൂവിന്റെ സോക്‌സ് പോലും പരിശോധിക്കുന്ന ഫിഫ അധികൃതര്‍ സെനഗല്‍ ക്യാപ്റ്റനെ തടയുകയോ ’19’ എന്ന് രേഖപ്പെടുത്തിയ ആംബാന്‍ഡ് എടുത്തു മാറ്റാന്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല.

ആ ആംബാന്‍ഡിനൊരു ചരിത്രമുണ്ട്. അത് സെനഗലിന്റെ ഫുട്‌ബോളിന്റെ കൂടെ ചരിത്രമാണ്. സെനഗലിന്റെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന പപ ബൗബാ ദിയോപിനോടുള്ള ആദരസൂചകമായിട്ടാണ് കൗളിബാലി 19 എന്നെഴുതിയ ആംബാന്‍ഡ് അണിഞ്ഞത്. രണ്ടുവര്‍ഷം മുമ്പൊരു നവംബറിലാണ് തന്റെ 42മത്തെ വയസില്‍ രോഗബാധിതനായി ബൗബാ ദിയോപ് അന്തരിച്ചത്.

സെനഗലിനായി കളിച്ചിരുന്ന സമയത്ത് ദിയോപ് അണിഞ്ഞിരുന്ന നമ്പറായിരുന്നു 19. സെനഗലിനായി 5 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും ഈ സുവര്‍ണതാരം നേടിയിട്ടുണ്ട്. 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം രാജ്യം ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ബൗബാ അതു കാണാനില്ലല്ലോയെന്ന നിരാശയിലാണ് ആരാധകര്‍.

പപ ബൗബാ ദിയോപ് 2002 ലോകകപ്പില്‍

ഇക്വഡോറിനെതിരായ മല്‍സരത്തില്‍ ഗാലറിയിലെത്തിയ ആരാധകരില്‍ മിക്കവരും 19 നമ്പര്‍ ദേഹത്ത് പെയിന്റ് ചെയ്തും ബൗബയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിയുമാണ് സ്‌നേഹം കാണിച്ചത്. ബൗബയുടെ ഒപ്പം കളിച്ച സീസെയാണ് ഇത്തവണ ടീമിന്റെ പരിശീലകനെന്നതും മറ്റൊരു യാദൃശ്ചികതയായി മാറി.

ഒരു സമനില മാത്രം മതിയായിരുന്ന ഇക്വഡോറിനെ തറപറ്റിച്ചാണ് സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. അവരുടെ രണ്ടാമത്തെ മാത്രം പ്രീക്വാര്‍ട്ടര്‍ പ്രവേശനമാണിത്. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ ജയം. ഇസ്മായില സാറും, കലിഡോ കൗലിബാലിയും സെനഗലിനായി ഗോള്‍ നേടിയപ്പോള്‍ ഇക്വഡോറിന്റെ ഗോള്‍ ക്യാപ്റ്റന്‍ മോയ്സസ് കയ്സെദോ വകയായിരുന്നു.

എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വഡോറിന്റെ ചെറുത്തു നില്‍പ്പുകളെ കളിമികവ് കൊണ്ട് മറികടന്നാണ് ആഫ്രിക്കന്‍ കരുത്തര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിലാണ് സെനഗല്‍ വിജയം പിടിച്ചെടുത്തത്. നെതര്‍ലന്‍ഡ്‌സ് ആണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍.

Related Articles

Back to top button