FootballISL

അടുത്ത സീസണില്‍ ഇവാന്‍ നാടുവിട്ടേക്കും; കോച്ചിനെ മടുപ്പിച്ചത് ‘കേന്ദ്രീകൃത’ ആക്രമണം തന്നെ!!

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ച് ആണ് കുറച്ചുനാളായി ഇന്ത്യന്‍ ഫുട്‌ബോളിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെതിരായ മല്‍സരത്തിന്റെ പകുതിക്കുവച്ച് കളംവിട്ടത് മുതല്‍ എഐഎഫ്എഫ് കോച്ചിനെ വേട്ടയാടുന്നുവെന്നത് സത്യമാണ്.

ഇപ്പോള്‍ റഫറിമാര്‍ക്കെതിരേ പ്രതികരിച്ചതിന് ഇവാന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. ഇത്തവണ ഒരു മല്‍സരവും 50,000 രൂപയുമാണ് വിലക്കില്‍ വരുന്നത്. ഈ വിധിക്കെതിരേ ഇവാന്‍ വല്ലാത്ത നിരാശനാണെന്നാണ് വിവരം.

അടുത്ത സീസണില്‍ ഐഎസ്എല്‍ വിട്ടേക്കുമെന്ന തരത്തില്‍ വുക്കുമനോവിച്ച് സഹപരിശീലകരോട് മനസുതുറന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രെഫഷണലിസം ഇല്ലായ്മയും പ്രതികാര മനോഭാവവുമാണ് അദേഹത്തെ ഐഎസ്എല്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്.

ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ചെന്നൈയിനെതിരേ 3-3ന് സമനിലയില്‍ കലാശിച്ച മത്സരത്തില്‍ റഫറി ഓഫ്‌സൈഡ് വിളിക്കാതിരുന്നതിനെതിരേയും ചെന്നൈയിന്റെ രണ്ടാം ഗോള്‍ അനുവദിച്ചതിന് എതിരേയുമായിരുന്നു അദേഹത്തിന്റെ വിമര്‍ശനം.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയാല്‍ ഒരിക്കലും പിന്നെ ഇന്ത്യയില്‍ തുടരില്ലെന്നും ഐഎസ്എല്ലില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്നും ഇവാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ദീര്‍ഘകാല പദ്ധതികള്‍ ഇവാന്‍ തയാറാക്കിയിരുന്നു.

പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഇവാന്റെ ബ്ലാസ്റ്റേഴ്‌സിലെ അവസാന സീസണായി ഇതു മാറാനുള്ള സാധ്യതകളാണ് കാണുന്നത്. സംഘാടകര്‍ ഏകാധിപത്യ മനോഭാവത്തോടെ പെരുമാറുന്നതില്‍ ഇവാന്‍ ഉള്‍പ്പെടെ മറ്റ് ചില പരിശീലകരും അതൃപ്തരാണ്.

മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറാണ്ടോ, ഒഡീഷ എഫ്‌സിയുടെ സെര്‍ജിയോ ലൊബെറോ എന്നിവരെല്ലാം റഫറിമാരുടെ പ്രകടനത്തില്‍ പലപ്പോഴും തങ്ങളുടെ അതൃപ്തി വ്യക്തമാക്കാറുണ്ട്. ഇവര്‍ക്കൊന്നും പക്ഷേ നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് മാത്രം.

Related Articles

Back to top button