ISLTop Stories

ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് മേധാവിത്വം നല്‍കുന്നത് മൂന്ന് കാരണങ്ങള്‍!

പുതിയൊരു ഐഎസ്എല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് എല്ലാ ടീമുകളും. കേരള ബ്ലാസ്റ്റേഴ്‌സും പ്രീസീസണ്‍ തയാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പുകളായ മഞ്ഞപ്പട ഇത്തവണ ടൂര്‍ണമെന്റ് ഫേവറിറ്റുകളായിട്ടാണ് ലീഗിന് എത്തുന്നത്. മൂന്ന് പ്രധാന കാരണങ്ങളാണ് മറ്റു ടീമുകള്‍ ബ്ലാസ്റ്റേഴ്‌സിനെ ഭയക്കാന്‍ കാരണം.

മാറ്റമില്ലാത്ത കോച്ചിംഗ് സ്റ്റാഫും പ്രധാന താരങ്ങളും

ഈ സീസണ്‍ വരെ ഓരോ തവണയും കളിക്കാരിലും കോച്ചിംഗ് സ്റ്റാഫിലും വലിയ മാറ്റങ്ങളുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. പ്രശാന്തിനെ പോലെ ചുരുക്കം ചില താരങ്ങളെ മാത്രമാണ് ടീം മാനേജ്‌മെന്റ് മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഇതിനെല്ലാം മാറ്റം വന്നു. കോച്ച് ഇവാന്‍ വുക്കുമനോവിച്ച് അടക്കം പരിശീലന സംഘത്തില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. ടീമിലാണെങ്കിലും അങ്ങനെ തന്നെ.

അല്‍വാരോ വാസ്‌കസും പെരേര ഡയസും പോയെങ്കിലും പകരം വന്നവര്‍ അതിലും മികച്ചവരും. കളിക്കാര്‍ തമ്മിലുളള ഇഴയടുപ്പം ഇത്തവണ കൂടുതലായിരിക്കും. അതുതന്നെയാകും എതിരാളികളില്‍ നിന്ന് ഈ ടീമിനെ വ്യത്യസ്തമാക്കുന്നതും. സ്ഥിരമായി കൡച്ചു പരിചയമുള്ളവര്‍ ഒന്നിച്ചു കളിക്കുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജി ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നുറപ്പാണ്.

ഹോംഗ്രൗണ്ട് ആധിപത്യം

ഫുട്‌ബോളില്‍ ഹോംഗ്രൗണ്ട് എന്നത് ഫുട്‌ബോളില്‍ വലിയൊരു കാര്യം തന്നെയാണ്. ബാഴ്‌സയെയും റയല്‍ മാഡ്രിഡിനെയുമൊക്കെ ലാലിഗയിലെ കുഞ്ഞന്‍ ടീമുകള്‍ ചിലപ്പോള്‍ തോല്‍പ്പിക്കുന്നത് സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലാണ്. ഹോം ഗ്രൗണ്ടില്‍ കളിക്കുകയെന്നത് കളിക്കാര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 50,000 ത്തോളം വരുന്ന മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളിലേക്കും ആ ഊര്‍ജം പകര്‍ന്നൊഴുകും.

ഇത്തവണ ബ്ലാസ്റ്റേഴ്‌സിനുള്ള ഏറ്റവും വലിയ അഡ്വാന്റേജും ഹോംഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കുമെന്നതാണ്. കഴിഞ്ഞ രണ്ടു സീസണുകളില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വന്നതിന്റെ മുഷിപ്പ് മാറ്റാന്‍ ഇത് സഹായിക്കും.

ഇന്ത്യന്‍ യുവതാരങ്ങളുടെ കരുത്ത്

ക്വാളിറ്റിയുള്ള ഒരു ഇലവനെ ഇറക്കാന്‍ തക്ക ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ടീമിനുണ്ട്. അവരൊക്കെ ആകട്ടെ 30 വയസില്‍ താഴെയുള്ളവരും. ലീഗിലെ ഇന്ത്യന്‍ താരങ്ങളുടെ ശരാശരി പ്രായമെടുത്താല്‍ ബ്ലാസ്റ്റേഴ്‌സ് നിര താരതമ്യേന ചെറുപ്പമാണ്. മികച്ച ഇന്ത്യന്‍ യുവതാരങ്ങളുടെ സാന്നിധ്യം കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്തായാലും കളത്തിലെയും പുറത്തെയും സാഹചര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. ബാക്കിയെല്ലാം കാത്തിരുന്ന് കാണാം.

Related Articles

Back to top button