ISL

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണില്‍ കൂടുതല്‍ മല്‍സരം കളിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഹസന്‍ അലി

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെയാണ് യുഎഇയില്‍ പ്രീസീസണ്‍ കളിക്കാന്‍ പോയത്. എന്നാല്‍ ഇടിത്തീ പോലെ ഫിഫ വിലക്ക് ഇന്ത്യയ്ക്ക് മേല്‍ വന്നതോടെ പ്രതീക്ഷിച്ചതു പോലെ ഒന്നും നടപ്പിലാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനും സംഘാടകരായ എച്ച്16 സ്‌പോര്‍ട്‌സിനും സാധിച്ചില്ല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എച്ച്16 സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹസന്‍ അലി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നു.

വലിയ മുന്നൊരുക്കങ്ങളോടെയാണ് നമ്മള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ സംഘടിപ്പിച്ചത്. എല്ലാം കൃത്യമായി പോയി. എന്നാല്‍ അപ്രതീക്ഷിതമായാണ് വിലക്ക് വന്നത്. വിലക്ക് മാറ്റിയെന്ന വാര്‍ത്ത വരുന്നത് ഓഗസ്റ്റ് 26ന് രാത്രിയാണ്. സെപ്റ്റംബര്‍ 10 ന് യുഎഇ പ്രൊ ലീഗ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ വിലക്കിനുശേഷം മറ്റൊരു ടീമിനെ പ്രീസീസണിനായി കണ്ടെത്തുക പ്രയാസമായിരുന്നു.

ഫിഫ നിയമപ്രകാരം മറ്റൊരു രാജ്യത്തെ ടീമുമായി പ്രീസീസണ്‍ മല്‍സരം കളിക്കണമെങ്കില്‍ പോലും 14 ദിവസം മുമ്പ് അനുമതി വാങ്ങിയിരിക്കണം. യുഎഇ ലീഗ് തുടങ്ങുന്ന സമയമായതിനാല്‍ ഒരു ടീമും ബ്ലാസ്റ്റേഴ്‌സുമായി കളിക്കാന്‍ തയാറായി വന്നതുമില്ലെന്ന് ഹസന്‍ അലി ഹാഫ് വേ ഫുട്‌ബോളിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ അക്കാഡമി നടത്തുന്നുണ്ട് മുന്‍ യുഎഇ ദേശീയ താരമായ ഹസന്‍ അലിയുടെ എച്ച് 16. അടുത്ത വര്‍ഷം ബ്ലാസ്റ്റേഴ്‌സുമായി ചേര്‍ന്ന് കൂടുതല്‍ വിപുലമായ പ്രീസീസണ്‍ നടത്തുമെന്ന് ഹസന്‍ പറയുന്നു. കൂടുതല്‍ ഇന്ത്യന്‍ ക്ലബുകളുമായി സഹകരിക്കാന്‍ പദ്ധതിയുണ്ടെന്നും അദേഹം വ്യക്തമാക്കി.

കടപ്പാട്: ഹാഫ്‌വേ ഫുട്‌ബോള്‍

Related Articles

Back to top button