Football

വാന്‍ ഗാലിനോട് ഡി മരിയ ‘യുണൈറ്റഡിലെ’ പക വീട്ടുമോ…?

കണക്കുകള്‍ തീര്‍ക്കാനുള്ളതാണെന്ന് സിനിമ ഡയലോഗ്, അതങ്ങനെ തന്നെയാണു താനും. അങ്ങനെ നോക്കുമ്പോള്‍ അര്‍ജന്റൈന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയയും നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലും തമ്മില്‍ ഒരു പഴയ കണക്ക് ബാക്കിയുണ്ട്. അര്‍ജന്റൈന്‍ ആരാധകര്‍ക്ക് അറിയേണ്ടതും ആ കണക്ക് എയ്ഞ്ചല്‍ ഡി മരിയ വീട്ടുമോ എന്നാണ്.

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ അതിനുള്ള വേദിയാകുമോ…? കാരണം, അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തമ്മിലാണ് ഖത്തര്‍ ലോകകപ്പിലെ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍വച്ചുള്ള കണക്കാണ് എയ്ഞ്ചല്‍ ഡി മരിയയ്ക്കും ലൂയിസ് വാന്‍ ഗാലിനും ഇടയിലുള്ളത്.

സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലെ മികച്ച കാലഘട്ടത്തിനു ശേഷം 2014ല്‍ എയ്ഞ്ചല്‍ ഡി മരിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തി. ഡേവിഡ് മോയസിനെ പുറത്താക്കി ലൂയിസ് വാന്‍ ഗാലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ആക്കിയതും അക്കാലത്ത്. ഒരു വര്‍ഷം മാത്രമേ എയ്ഞ്ചല്‍ ഡി മരിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചുള്ളൂ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ വരവ് വന്‍ പരാജയമായതിന്റെ കാരണം മാനേജര്‍ ലൂയിസ് വാന്‍ ഗാല്‍ ആയിരുന്നെന്ന് പിന്നീട് എയ്ഞ്ചല്‍ ഡി മരിയ വെളിപ്പെടുത്തി. 2021ല്‍ എയ്ഞ്ചല്‍ ഡി മരിയ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എന്റെ ഏക പ്രശ്നം കോച്ച് ലൂയിസ് വാന്‍ ഗാല്‍ ആയിരുന്നു. എന്റെ കരിയറിലെ ഏറ്റവും മോശം കോച്ചായിരുന്നു അയാള്‍.

ഞാന്‍ ഗോള്‍ നേടിയാലോ അസിസ്റ്റ് ചെയ്താലോ പിറ്റേദിവസം അയാള്‍ എത്തുന്നത് എന്റെ മിസ് പാസുകളെ കുറിച്ച് പറയാനാണ്. ഓരോ ദിവസവും എന്നെ സ്ഥാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ കരിയറിലെ ഏറ്റവും മോശം കാലമായിരുന്നു അത് -എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.

എയ്ഞ്ചല്‍ ഡി മരിയയ്ക്കുള്ള വാന്‍ ഗാലിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: സ്വന്തം കാര്യം മാത്രം നോക്കുന്ന കളിക്കാരെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ എങ്ങനെ കളത്തില്‍ പ്രകടനം നടത്തി എന്നു മാത്രം നോക്കുന്നവരെയും കണ്ടിട്ടില്ല. അത്തരമൊരു സാഹചര്യം മാനേജറുടെ പിഴവാണ്.

ഏതായാലും എയ്ഞ്ചല്‍ ഡി മരിയയും ലൂയിസ് വാന്‍ ഗാലും നേര്‍ക്കുനേര്‍ കണക്കുതീര്‍ക്കല്‍ നടക്കുമോ. പോളണ്ടിന് എതിരായ അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിടെ മസില്‍ സ്ട്രെയിന്‍ മൂലം എയ്ഞ്ചല്‍ ഡി മരിയയെ കോച്ച് ലിയോണല്‍ സ്‌കലോനി പിന്‍വലിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയ്ക്ക് എതിരായ 2-1 ജയത്തില്‍ അര്‍ജന്റൈന്‍ ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ കളിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം എയ്ഞ്ചല്‍ ഡി മരിയ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായാണ് വിവരം. എന്നാല്‍, സ്‌കലോനിയുടെ ആദ്യ ഇലവനില്‍ ഡി മരിയ ഉണ്ടായേക്കില്ലെന്നാണ് സൂചന. ഡി മരിയയെ കൂടാതെയുള്ള 11 അംഗ ടീമിനെ വച്ചാണ് അര്‍ജന്റീന ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഡി മരിയയുടെ സ്ഥാനത്ത് ആംഗല്‍ കൊറേയയാണ് അര്‍ജന്റീനയുടെ ചൊവ്വാഴ്ചത്തെ പരിശീലനത്തില്‍ ഇറങ്ങിയത്.

ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍. പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ 3-1 നു കീഴടക്കിയാണ് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇത് ആറാം തവണ. 1978 ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയായിരുന്നു അര്‍ജന്റീന കന്നിക്കിരീടം സ്വന്തമാക്കിയത്.

Related Articles

Back to top button