FootballISL

ഇവാന്റെ പോക്കില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്!! പുതിയ റോളില്‍ ഉടന്‍ വന്നേക്കും

പരിശീലകനൊപ്പം ടീം വിടുന്നത് ഒരുപിടി സൂപ്പര്‍താരങ്ങളും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നും ഇവാന്‍ വുക്കുമനോവിച്ച് പടിയിറങ്ങുന്നുവെന്ന വാര്‍ത്ത തിരഞ്ഞെടുപ്പ് നാളില്‍ ആരാധകര്‍ക്ക് ഞെട്ടലായി മാറി. തീര്‍ത്തും പ്രതീക്ഷിക്കാത്ത സമയത്താണ് ഇവാനുമായി വേര്‍പിരിയാനുള്ള തീരുമാനം ക്ലബ് പ്രഖ്യാപിച്ചത്.

മൂന്നുവര്‍ഷത്തെ കേരളവാസത്തിനൊടുവില്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെയാണ് ഇവാനിസം പടിയിറങ്ങുന്നത്. കോച്ചിന്റെ പടിയിറക്കത്തിന്റെ കാരണവും പുറത്തു വരുന്നുണ്ട്. ഇവാന്‍ തന്നെയാണ് മാനേജ്‌മെന്റിനെ തന്റെ തീരുമാനം അറിയിച്ചത്.

ഒരു സീസണ്‍ കൂടെ വുക്കുമനോവിച്ചിന് കാലാവധി നല്‍കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നു. എന്നാല്‍ റിസല്‍ട്ട് പ്രതീക്ഷിച്ചതു പോലെ ഉണ്ടാകാത്തതിലും മറ്റു ചില കാര്യങ്ങളിലും ഇവാന്‍ അസ്വസ്ഥനായിരുന്നു. ഒഡീഷയ്‌ക്കെതിരായ പ്ലേഓഫ് നോക്കൗട്ടിലെ തോല്‍വിക്കു ശേഷം തന്നെ ഇവാന്‍ തീരുമാനമെടുത്തിരുന്നു.

ഇവാന് ഐഎസ്എല്ലിലെ മറ്റൊരു ക്ലബില്‍ നിന്ന് വലിയ ഓഫര്‍ വന്നിട്ടുണ്ട്. അടുത്തിടെ ഐഎസ്എല്ലിലേക്ക് എത്തിയ ഈ ടീം ബ്ലാസ്റ്റേഴ്‌സ് നല്‍കിയതിലും കൂടുതല്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവാന്‍ തന്റെ മറുപടി നല്‍കിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് വിട്ടാല്‍ ഇന്ത്യയില്‍ വേറൊരു ക്ലബിനെയും പരിശീലിപ്പിക്കില്ലെന്ന് ഇവാന്‍ മുമ്പ് ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലില്‍ ഈ തീരുമാനത്തില്‍ സെര്‍ബിയക്കാരന്‍ ഉറച്ചുനില്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

അതേസമയം, സ്വദേശത്തു നിന്നും താരത്തിന് ഓഫര്‍ വന്നിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഈ ഓഫര്‍ സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം സ്വന്തം നാട്ടില്‍ നിന്ന് മൂന്നുവര്‍ഷമായി മാറിനില്‍ക്കേണ്ട അവസ്ഥയിലാണ് ഇവാന്‍.

ഇന്ത്യയിലെ കനത്ത ചൂടും ഇവാന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നാട്ടില്‍ കുടുംബത്തിനൊപ്പം നില്‍ക്കാമെന്ന ഓഫര്‍ തന്നെ പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യങ്ങളിലെല്ലാം ഒരു മാസമെങ്കിലും എടുത്തു മാത്രമേ തീരുമാനത്തില്‍ എത്താന്‍ സാധ്യതയുള്ളൂ.

ഇവാന്‍ ടീംവിടുമ്പോള്‍ ഒപ്പം ചില താരങ്ങളും മറ്റു തട്ടകത്തിലേക്ക് മാറാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം കെ.പി രാഹുലാണ്. ചെന്നൈയ്ന്‍ എഫ്‌സി, പഞ്ചാബ് എഫ്‌സി, മൊഹമ്മദന്‍സ് ടീമുകളാണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു രാഹുലിന്റേത്. കോച്ച് ഇവാന്റെ താല്പര്യത്തിലാണ് രാഹുല്‍ പല കളികളിലും ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചത്. അടുത്ത സീസണില്‍ ടീം വിടുന്നതിനായി പുതിയ കരാറിലും രാഹുല്‍ ഒപ്പിട്ടിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുന്ന മറ്റൊരാള്‍ ഗോളടിയന്ത്രം ദിമിത്രിയോസാണ്.

Related Articles

Back to top button