ISLTop Stories

പണി അറിയില്ലെങ്കില്‍ ക്ലബ് വില്‍ക്കൂ; നോര്‍ത്തീസ്റ്റ് മാനേജ്‌മെന്റിനെതിരേ ആരാധകര്‍ രംഗത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മോശം മാനേജ്‌മെന്റ് ഏതെന്നും ചോദിച്ചാല്‍ കണ്ണടച്ചു പറയാവുന്ന പേരാകും നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എന്ന്. പല സീസണുകളിലും ടീം നല്ല പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അതു നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കാറില്ല. മുന്നൊരുക്കങ്ങളില്‍ പലപ്പോഴും പിന്നില്‍ പോകുന്നതാണ് നോര്‍ത്തീസ്റ്റിന് തിരിച്ചടിയാകുന്നത്.

സീസണ്‍ തുടങ്ങും മുമ്പ് തട്ടിക്കൂട്ടുന്ന പോലെ ഒരു ടീമിനെ ഒരുക്കുന്ന മാനേജ്‌മെന്റിനെതിരേ ഇത്തവണ പക്ഷേ ആരാധകര്‍ കലിപ്പിലാണ്. ഡ്യൂറന്റ് കപ്പിനിടെ ഗ്യാലറിയില്‍ മാനേജ്‌മെന്റിനെതിരേ ബാനര്‍ ഉയര്‍ത്തിയ ആരാധകര്‍ ഉടമ ജോണ്‍ എബ്രഹാമിനെയും വെറുതെ വിടുന്നില്ല. തങ്ങള്‍ ആരാധകരാണ്, കസ്റ്റമേഴ്‌സ് അല്ല എന്നു രേഖപ്പെടുത്തിയ വലിയ ബാനറുമായിട്ടാണ് ഫാന്‍സ് ഡ്യൂറന്റ് കപ്പിനെത്തിയത്.

ദുര്‍ബല എതിരാളികളോടു പോലും ഗോളുകള്‍ വാങ്ങിക്കൂട്ടിയ നോര്‍ത്തീസ്റ്റ് ഇത്തവണ ഏറ്റവും പിന്നിലാകും സീസണ്‍ അവസാനിപ്പിക്കുകയെന്ന സൂചനയും നല്‍കി കഴിഞ്ഞു. ഇതുവരെ ഒരൊറ്റ വിദേശ താരത്തിന്റെ പോലും പ്രഖ്യാപനം നടത്താന്‍ അവര്‍ക്കായിട്ടില്ല. എന്നാല്‍ നാലു കളിക്കാരുമായി കരാറിലെത്തിയെന്ന സൂചന പുറത്തു വരുന്നുണ്ട്.

വിദേശ കളിക്കാരില്‍ രണ്ട് പേര്‍ ഡിഫന്‍ഡര്‍മാരാണ്. ഒരാള്‍ മിഡ്ഫീല്‍ഡറും ഒരാള്‍ സ്‌ട്രൈക്കറുമാണ്. ഈ നാല് പേരിലൊരാള്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോണ്‍ ഗാസ്താനഗയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് സ്ഥിരീകരിച്ചു. സ്‌ട്രൈക്കര്‍ മുമ്പ് പ്രീമിയര്‍ ലീഗില്‍ കളിച്ച താരമാണെന്ന് മാര്‍ക്കസ് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. ഒരു ആഫ്രിക്കന്‍ സ്‌ട്രൈക്കറേയും നോര്‍ത്ത് ഈസ്റ്റ് സൈന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഫുട്‌ബോള്‍ നേഴ്‌സറിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ ക്ലബെന്ന നിലയില്‍ ഈയൊരു പെരുമ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഐഎസ്എല്‍ ക്ലബുകളില്‍ ഏറ്റവുമാദ്യം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ് നോര്‍ത്തീസ്റ്റ്. കാരണം, മറ്റു ടീമുകളെ അപേക്ഷിച്ച് അവര്‍ക്ക് ചെലവുകള്‍ കുറവാണ്. മറ്റ് ടീമുകള്‍ ദീര്‍ഘകാല പ്രീസീസണുകള്‍ നടത്തുമ്പോള്‍ നോര്‍ത്തീസ്റ്റ് വളരെ കുറച്ചു മാത്രമാണ് മുന്നൊരുക്കം നടത്തുന്നത്.

ഈ വര്‍ഷം ആദ്യം ബൈജൂസ് ഗ്രൂപ്പ് നോര്‍ത്തീസ്റ്റിനെ ഏറ്റെടുക്കാന്‍ ചില ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീടത് മുടങ്ങിപ്പോയി. ബൈജൂസിന്റെ വരുമാനത്തില്‍ കുറവുണ്ടായതും വാങ്ങല്‍ നടക്കാതിരിക്കാന്‍ കാരണമായി. ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം പുതിയ മാനേജ്‌മെന്റ് വരണമെന്നതാണ്. നടന്‍ ജോണ്‍ എബ്രഹാമാണ് ക്ലബിന്റെ മുഖ്യ ഓഹരിയുടമ. ടീമിനെ വിറ്റ് കാശാക്കാന്‍ അദേഹത്തിനും താല്‍പര്യമുണ്ട്.

Related Articles

Leave a Reply

Back to top button