Football

ഇന്ത്യയ്ക്ക് കടുകട്ടിയായി ജൂണിയര്‍ ഏഷ്യാകപ്പ്; അകപ്പെട്ടത് സിംഹങ്ങളുടെ ഗ്രൂപ്പില്‍!!

ഈ വര്‍ഷം ജൂണില്‍ നടക്കുന്ന എഎഫ് ഏഷ്യാകപ്പ് അണ്ടര്‍-17 വിഭാഗത്തില്‍ ഇന്ത്യ കടുത്ത എതിരാളികളുള്ള ഗ്രൂപ്പില്‍. ജപ്പാനും വിയറ്റ്‌നാമും ഉസ്‌ബെക്കിസ്ഥാനും അടക്കം ശക്തരായ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ജൂണ്‍ 15 മുതല്‍ തായ്ലന്‍ഡിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ബിബിയാനോ ഫെര്‍ണാണ്ടസ് ആയിരിക്കും ഇന്ത്യന്‍ നിരയെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ടീം മികച്ച രീതിയില്‍ പരിശീലനം നടത്തുന്നുണ്ട്. ടൂര്‍ണമെന്റില്‍ മികച്ച റിസല്‍ട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യുവതാരങ്ങളും.

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഈ വര്‍ശം നടക്കാനിരിക്കുന്ന എഎഫ്സി അണ്ടര്‍-17 ലോകകപ്പിന്റെ യോഗ്യത റൗണ്ട് കൂടിയാണ് ഏഷ്യന്‍ കപ്പ്. അവസാന നാലിലെത്തുന്ന ടീമുകള്‍ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാം.

2018 ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഇന്ത്യ എത്തിയിരുന്നു. അന്ന് കേവലം ഒരു വിജയത്തിനാണ് ലോകകപ്പ് യോഗ്യത നഷ്ടമായത്. അന്നും ടീമിന്റെ പരിശീലകന്‍ ഗോവ സ്വദേശിയായ ബിബിയാനോ ഫെര്‍ണാണ്ടസായിരുന്നു.

ഇത്തവണ കൂടുതല്‍ മുന്നൊരുക്കത്തോടെയാണ് ടീം കളത്തിലിറങ്ങുന്നത്. സമീപകാലത്ത് നിരന്തരം മികച്ച ടീമുകള്‍ക്കെതിരേ അവര്‍ കളിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടീമിനെയാണ് ഇന്ത്യന്‍ അണിനിരത്തുന്നതും.

ഇന്ത്യയുടെ ഗ്രൂപ്പില്‍ ഏറ്റവും ശക്തര്‍ ജപ്പാനാണ്. ഫിഫ റാങ്കിങ്ങില്‍ 20 സ്ഥാനത്താണ് ജപ്പാന്‍ സീനിയര്‍ ടീം. ഈ മാസം കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ജപ്പാന്‍ കൗമാരനിര വിജയം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇറാനും സ്വീഡനും ഡെന്മാര്‍ക്കും അടക്കമുള്ള ടീമുകളെ ജപ്പാന്റെ ഈ ടീം തോല്‍പ്പിച്ചിരുന്നു. വിയറ്റ്‌നാമിന്റെ മോശമല്ല. കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ക്ലബ്ബുകളുടെ യൂത്ത് ടീമുകളുമായി നടത്തിയ സൗഹൃദ മത്സരത്തില്‍ മികച്ച റിസള്‍ട്ട് ആണ് ടീം ഉണ്ടാക്കിയത്.

എഎഫ്സി അണ്ടര്‍ 17 ഏഷ്യന്‍ കപ്പിന്റെ യോഗ്യത റൗണ്ടില്‍ 14 ഗോളുകള്‍ക്ക് ബ്രൂണെയെ തോല്‍പ്പിച്ച ടീമാണ് ഉസ്ബെക്കിസ്താന്‍. ശക്തരായ സൗത്ത് കൊറിയയെയും അവര്‍ തോല്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന രണ്ടു സൗഹൃദ മത്സരത്തിലും ഉസ്ബെക്കിസ്താന്‍ ഇന്ത്യന്‍ നിരയെ തോല്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഫുട്‌ബോള്‍ മുന്നേറ്റം ശരിയായ ദിശയില്‍ തന്നെയാണോയെന്ന കാര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ എഎഫ്‌സി അണ്ടര്‍ 17 ഏഷ്യാകപ്പ് വഴിയൊരുക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി ടീം കൂടുതല്‍ പരിശീലന മല്‍സരങ്ങള്‍ കളിക്കും.

Related Articles

Back to top button