FootballISL

ഐഎസ്എല്ലിന് തലവേദനയായി ബ്ലാസ്റ്റേഴ്‌സിന്റെ ‘റേറ്റിംഗ്’ പണി!!

ഐഎസ്എല്‍ നോക്ക് ഔട്ട് മത്സരത്തില്‍ ബെംഗളുരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തായതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കയ്യും കണക്കുമില്ല എന്നതാണ് സത്യം. സംഭവം അരങ്ങേറിയതിന് തൊട്ടു പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അവരുടെ പ്രതികാരം തുടങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും, ശകാര വാക്കുകളുമായി ആരാധകര്‍ പണി തുടങ്ങി. ബ്ലാസ്റ്റേഴ്സിന് എതിരെ സംസാരിച്ച ആളുകള്‍ക്കെല്ലാം കണക്കിന് കിട്ടി. എന്തിനേറെ സുനില്‍ ഛേത്രിയെ പോലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വെറുതെ വിട്ടില്ല.

അദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കമന്റുകളായി അമര്‍ഷം പൊട്ടി ഒഴുകി. ഐഎസ്എല്‍ റഫറിമാരുടെ തുടരെ തുടരെയുള്ള മോശമായ തീരുമാനങ്ങള്‍ ഈ ലീഗിന്റെ നിലവാരം തന്നെ ഇല്ലാതാകുന്നു എന്ന അഭിപ്രായത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.

ഇത്തരം ഒരു റഫറിയിങ്ങ് പിഴവു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്തായപ്പോള്‍ ഐഎസ്എല്ലിനുള്ള പണി അവരുടെ ആരാധകര്‍ കൊടുത്ത് തുടങ്ങി കഴിഞ്ഞിരുന്നു. നിരവധി ക്യാമ്പയിനുകളും, ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

അതില്‍ പ്രധാനപ്പെട്ടതായിരുന്നു അണ്‍ഫോളോ ഐഎസ്എല്‍ എന്ന ക്യാമ്പയിന്‍. ഇതിനോടനുബന്ധിച്ച് നിരവധി ഫോളോവേഴ്‌സിനെയാണ് ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ പേജുകള്‍ക്ക് നഷ്ടമായത്.

ഒറ്റ രാത്രികൊണ്ട് ഒരു ലക്ഷം ഫോളോവേഴ്സിനെ അവരുടെ ഇന്‍സ്റ്റഗ്രാം പേജിന് നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അധികം പണി കിട്ടിയിരിക്കുന്നത് ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ആപ്പ് ആയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പൊങ്കാലയാണ് ഈ ആപ്പിന് നേരിടേണ്ടി വന്നത്. ലോകത്തെ ഏറ്റവും മോശം ലീഗാണ്, ഏറ്റവും മോശം റഫറികളാണ് എന്ന തരത്തിലുള്ള ആയിരകണക്കിന് കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

മാത്രമല്ല ആരും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്ന രീതിയിലും കമന്റ്റുകളുണ്ട്. ഇത് ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ആപ്പിന് ഊരാകുടുക്കായി മാറിയിരിക്കുകയാണ്.

റേറ്റിംഗ് ചാര്‍ട്ടില്‍ നാല് സ്റ്ററിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്ന ആപ്പിന് ഇപ്പോള്‍ ഉള്ള റേറ്റിംഗ് ഒരു സ്റ്റാറാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കലിപ്പ് എത്രമാത്രം ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ബ്ലാസ്റ്റേഴ്സിന് നേരെ എന്തു തരം നടപടികളാണ് ഉണ്ടാവുക എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ കനത്ത നടപടികള്‍ എടുത്താല്‍ അത് ലീഗിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നതാണ് വാസ്തവം.

ബ്ലാസ്റ്റേഴ്സ് ആരാധകരെ കൂടുതല്‍ വെറുപ്പിക്കാന്‍ ഐഎസ്ഏല്‍ അധികൃതര്‍ തയ്യാറായേക്കില്ല എന്നാണ് നിലവില്‍ പുറത്തേക്ക് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ഫൈനലിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം വരുകയുള്ളൂ.

Related Articles

Back to top button