Football

ഇരമ്പിക്കയറി കാനറി വീര്യം! സെര്‍ബിയന്‍ ചുവപ്പിന് മഞ്ഞക്കാര്‍ഡ്

ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ സെര്‍ബിയയെ വീഴ്ത്തി കാനറികള്‍ ഖത്തര്‍ ലോകകപ്പില്‍ പടയോട്ടം തുടങ്ങി. ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷമാണ് ബ്രസീല്‍ വലകുലുക്കിയത്. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും നെയ്മറിനും സംഘത്തിനുമായി. ജയം 2-0ത്തിന്.

ആദ്യ 45 മിനിറ്റില്‍ നിന്നും വ്യത്യസ്തമായി ബ്രസീലിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു രണ്ടാം പകുതി. എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥ. അധികം കാത്തിരിക്കേണ്ടി വന്നില്ല. കൂട്ടപ്പൊരിച്ചിലിനിടയില്‍ റിട്ടേണ്‍ വന്ന പന്ത് 62 മത്തെ മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ വലയിലേക്ക് തൊടുത്തുവിട്ടപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു.

11 മിനിറ്റിനുശേഷം വീണ്ടും റിച്ചാര്‍ലിസണ്‍ മാജിക്. മനോഹരമായൊരു അക്രബാറ്റിക് ഷോട്ടിലൂടെ പന്ത് വലയില്‍. ഈ ലോകകപ്പില്‍ ഇതുവരെ പിറന്നതില്‍ വച്ചേറ്റവും മനോഹര ഗോളെന്ന് വിശേഷണം തീര്‍ത്തും അര്‍ഹമായ ഗോളായിരുന്നു ഇത്. ഗോള്‍ വീണതോടെ സെര്‍ബിയ കളത്തിലേ ഇല്ലാതായെന്നു പറയാം.

സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തോടെ തിയാഗോ സില്‍വ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിര്‍ന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വര്‍ഷവും 63 ദിവസവുമാണ് സില്‍വയുടെ പ്രായം. ദജല്‍മാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വര്‍ഷവും 138 ദിവസവുമായിരുന്നു 1966ല്‍ സന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.

ആദ്യ പകുതി

ബ്രസീല്‍ തുടക്കംമുതല്‍ തന്നെ സെര്‍ബിയന്‍ ബോക്സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. എന്നാല്‍ കൃത്യമായ പരസ്പര ധാരണയോടെ കളിച്ച സെര്‍ബിയന്‍ ഡിഫന്‍സിനു മുന്നില്‍ ഓരോ ബ്രസീലിയന്‍ ആക്രണങ്ങളും വിഫലമായി. റഫീന്യയും നെയ്മറും വീനീഷ്യസുമെല്ലാം ബോക്സിലേക്ക് നിരന്തരം പന്തെത്തിച്ചിട്ടും മികച്ച ഫിനിഷിങ് മാത്രം അകന്നുനിന്നു.

ബ്രസീലിയന്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പാവ്ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെന്‍കോവിച്ചും മികച്ചുനിന്നു. വിനീഷ്യസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍ എന്നിവരുടെ അറ്റാക്കിങ് റണ്ണുകളെല്ലാം സെര്‍ബിയന്‍ പ്രതിരോധം കൃത്യമായ ഇടപെടലിലൂടെ തടഞ്ഞു. 26-ാം മിനിറ്റില്‍ ടാഡിക്കിലൂടെ ഒരു സെര്‍ബിയന്‍ മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷിയായി. എന്നാല്‍ താരത്തിന്റെ ക്രോസ് ബോക്സില്‍ അലക്സാണ്ടര്‍ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസണ്‍ അത് കൃത്യമായി കൈപ്പിടിയിലൊതുക്കി.

ഇതിനിടെ 28-ാം മിനിറ്റില്‍ തിയാഗോ സില്‍വ വിനീഷ്യസിന് നല്‍കിയ നല്‍കിയ മികച്ചൊരു ത്രൂബോള്‍ സെര്‍ബിയന്‍ ബോക്സില്‍ അപകടം സൃഷ്ടിച്ചു. എന്നാല്‍ മിലിന്‍കോവിച്ച് സാവിച്ചിന്റെ കൃത്യമായ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി. 34-ാം മിനിറ്റില്‍ പക്വേറ്റയും റഫീന്യയും ചേര്‍ന്ന മുന്നേറ്റം സെര്‍ബിയയുടെ പ്രതിരോധം പിളര്‍ത്തിയെങ്കിലും റഫീന്യയുടെ ഫിനിഷിങ് മോശമായത് തിരിച്ചടിയായി. അങ്ങനെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയും ചെയ്തു.

Related Articles

Back to top button